
കൊച്ചി: കശുഅണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരെ വിചാരണനടപടികളുമായി മുന്നോട്ടുപോകാൻ സി.ബി.ഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഇ മെയിലായി ലഭിച്ച പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ അധികൃതരുടെ ഒപ്പില്ലാത്തതിനാൽ നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്ന് സി.ബി.ഐ ഇന്നലെ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനകം നേരിട്ടോ ഡിജിറ്റലായോ ഒപ്പുവച്ച ഉത്തരവ് സി.ബി.ഐയ്ക്ക് കൈമാറാൻ വ്യവസായ സെക്രട്ടറി കെ. ബിജുവിനോട് കോടതി ആവശ്യപ്പെട്ടു.
കോർപ്പറേഷൻ മുൻചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരനും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷുമാണ് മുഖ്യപ്രതികൾ. സി.ബി.ഐ കൊച്ചി ആന്റി കറപ്ഷൻ ബ്രാഞ്ചിനെ കേസിൽ സ്വമേധയാ കക്ഷിചേർത്തു.
കോടതി പലതവണ നിർദ്ദേശിച്ചിട്ടും പ്രോസിക്യൂഷൻ അനുമതി വൈകിപ്പിച്ച വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സെക്രട്ടറി കെ. ബിജു എന്നിവർക്കെതിരെ കടകംപള്ളി മനോജ് നൽകിയ കോടതിഅലക്ഷ്യ ഹർജിയിലാണ് കോടതി നിർദ്ദേശം.
ജൂലായ് 2ന് പുറപ്പെടുവിച്ച പോസിക്യൂഷൻ അനുമതി ഉത്തരവിൽ കോടതിക്കെതിരെ മോശം പരാമർശങ്ങൾ ഉണ്ടായതിനെത്തുടർന്ന് ബിജുവിനെതിരെയും കോടതിഅലക്ഷ്യ നടപടികൾ തുടങ്ങിയിരുന്നു. പിന്നീട് പരാമർശങ്ങൾ ഒഴിവാക്കി ജൂലായ് 6ന് പുതിയ ഉത്തരവിറക്കി. ഇത് മനസിരുത്തിയ നിയമപരമായ നടപടിയാണെന്ന് വിലയിരുത്തിയ കോടതി സർക്കാരിന്റെ രണ്ടാമത്തെ ഉത്തരവ് അംഗീകരിച്ചു.
2006-2015ലെ അസംസ്കൃത കശുഅണ്ടി ഇറക്കുമതിയിൽ 80കോടിരൂപയുടെ ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. രതീഷിനും ചന്ദ്രശേഖരനും പുറമേ സി.ഐ.ടി.യു നേതാവും കോർപ്പറേഷൻ ചെയർമാനുമായിരുന്ന ഇ. കാസിം, കരാറുകാരനായ ജയ്‌മോൻ ജോസഫ് എന്നിവരാണ് പ്രതികൾ. കാസിം നിര്യാതനായി.
കോടതി അലക്ഷ്യത്തിൽ
ഉത്തരവ് പിന്നീട്
കോടതി അലക്ഷ്യം നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ഹനീഷും കെ. ബിജുവും നിരുപാധികം മാപ്പപേക്ഷ നൽകിയിരുന്നു. കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാപ്പപേക്ഷ സ്വീകരിക്കണമോ എന്ന കാര്യത്തിൽ കോടതി പിന്നീട് വിധിപറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |