SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

പ്രിയദർശിനി യാത്ര: ഖേദം പ്രകടിപ്പിച്ച് സി.പി. ജോൺ

cp-john

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കു നൽകുന്ന സൗജന്യയാത്ര സംബന്ധിച്ച് ഉയർന്ന വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ഖേദം പ്രകടിപ്പിച്ചു. സൗജന്യ ബസ് യാത്രയുടെ പേരിൽ സ്ത്രീകളെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ,​ തന്റെ വാക്കുകൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു - മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ മുഖ്യമന്ത്രി വി.ഡി.സതീശൻ നീരസം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് സി.പി.ജോണിന്റെ ഖേദ പ്രകടനം.

പാലക്കാട് തിങ്കളാഴ്ച നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചപ്പോഴാണ് വിവാദ പരാമർശമുണ്ടായത്. മന്ത്രിയുടെ വാക്കുകൾ അടുത്ത ദിവസം വിവാദമായപ്പോഴും പറഞ്ഞ വാക്കുകൾ പിൻവലിച്ചിരുന്നില്ല. എന്നാൽ,​ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയുടെ ഗുണഭോക്താക്കളെക്കുറിച്ച് വകുപ്പ് മന്ത്രി പറഞ്ഞ വാക്കുകൾ സർക്കാരിന് ക്ഷീണമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സി.പി.ജോണിനെ അറിയിച്ചു. മറ്റ് ചില മന്ത്രിമാരും പ്രസ്താവന തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിരുന്നു.

''പറയാൻ പാടില്ലാത്ത ചില വാക്കുകൾ പറഞ്ഞു. തീർച്ചയായും ഞാൻ ശ്രദ്ധിക്കണമായിരുന്നു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. മന്ത്രി എന്ന ഈഗോയില്ല""- ഇന്നലെ മാദ്ധ്യമ പ്രവർത്തകരോട് സി.പി പറഞ്ഞു.

സൗജന്യയാത്ര ആരുടെയും ഔദാര്യമല്ല. അത് സ്ത്രീകളുടെ അവകാശമാണ്. ഞങ്ങളാണ് 'പ്രിയദർശിനി" തുടങ്ങിയത്. ചില പ്രസ്താവനകൾ കണ്ടപ്പോൾ തോന്നിയത്; പ്രിയദർശിനി പദ്ധതി വേറെ ആരോ തുടങ്ങിയതാണെന്നും ഞങ്ങൾ നിറുത്താൻ പോകുകയാണെന്നുമാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും പ്രിസ്റ്റീജ്യസ് ആയ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമാണ് പ്രിയദർശിനി. അത് ഇനിയും മുമ്പോട്ടുപോകുമെന്നും

സി.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA