SignIn
Kerala Kaumudi Online
Thursday, 07 May 2026 4.48 PM IST

'എന്നെ പ്രകീർത്തിച്ചുകൊണ്ടും ചിലരെ ഇകഴ്ത്തിക്കൊണ്ടുമുള്ള പ്രചരണങ്ങൾ വേണ്ട': ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്ന് പി.ജയരാജൻ

Increase Font Size Decrease Font Size Print Page
p-jayarajan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ വിയോജിപ്പുകൾ രൂക്ഷമാവുകയാണ്. നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മുതിർന്ന നേതാവ് പി. ജയരാജൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

തന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്നും ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാൻ ശ്രമിക്കുമെന്നും അതുകൊണ്ട് പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നുമാണ് പി.ജയരാജൻ അണികളോട് ആവശ്യപ്പെടുന്നത്.

ബംഗാളിൽ വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങിയതുപോലെ തിരിച്ചുവരുമെന്നും തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ടെന്നും നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികൾ കൈക്കൊണ്ടിട്ടുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വത്തിന് വ്യക്തമാക്കിയിട്ടുമുണ്ടെന്നും. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്,​

നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്.

ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോൺഗ്രസുകാർ നടത്തുന്നുണ്ട്. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ “ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി. അത് കോൺഗ്രസ് സംസ്കാരമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്.

ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക — ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക.

ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.

ലാൽ സലാം, സഖാക്കളെ…

TAGS: P JAYARAJAN, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.