SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

പിണറായിയുടെ പരാമർശം ; സഭയിൽ ബഹളം: വാക്പോര്

aa

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂറിന് കഴിവുകേടെന്ന് സ്ഥാപിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ മന്ത്രി ഷിബു ബേബിജോൺ ഇടപെട്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശം നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിനും വാക്പോരിനും വഴി വച്ചു. മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ നിന്നുള്ള സഹായം നൽകിയില്ലെന്ന സജി ചെറിയാന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവേയായിരുന്നു സംഭവം.

മന്ത്രി ഗഫൂറിന്റെ മറുപടിക്കിടെ ഷിബു, മത്സ്യത്തൊഴിലാളികൾക്ക് ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ 'തണൽ' പദ്ധതിയിലെ 1350 രൂപയുടെ ആനുകൂല്യം നിറുത്തലാക്കിയത് പിണറായി സർക്കാരാണെന്ന് പറഞ്ഞതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടെന്ന് തോന്നിക്കുന്ന ഇടപെടലാണുണ്ടായതെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പിണറായി ആരോപിച്ചു. അങ്ങനെ പറഞ്ഞത് പിണറായി തിരുത്തണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദ്ദേശിച്ചു. താൻ ആരെയും അപമാനിച്ചില്ലെന്ന് പിണറായി വ്യക്തമാക്കി. അതോടെ ഭരണപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കി. പ്രതിപക്ഷവും പോർവിളിയുമായി എഴുന്നേറ്റതോടെ പരസ്പരം വാക്കേറ്റമായി. സഭ ബഹളത്തിൽ മുങ്ങി.

പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രിമാർ മറുപടി പറയുന്നതിനിടെ

നിയമ, പാർലമെന്ററി കാര്യ മന്ത്രിമാർ സംസാരിച്ചതിന്റെ രേഖയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. സജി ചെറിയാൻ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെ, മന്ത്രി ഷിബു എഴുന്നേറ്റെങ്കിലും സജി വഴങ്ങിയിരുന്നില്ല. അതിനാലാണ് ഷിബുവിന് അക്കാര്യം പറയേണ്ടി വന്നത്. ഫിഷറീസ് മന്ത്രി കൃത്യമായി മറുപടി നൽകി. പിണറായിയെപ്പോലൊരാൾ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പിൻവലിക്കണം. അല്ലെങ്കിൽ രേഖയിൽ നിന്ന് നീക്കണം- സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി തിരിച്ചടിച്ചു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് മറ്റ് മന്ത്രിമാർ സംസാരിച്ചത്. ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ

കരുതുന്നുമില്ല. അദ്ദേഹം പുതിയ മന്ത്രിയായതിനാൽ, നേരത്തേ മന്ത്രിയായിരുന്നയാൾ പുതിയയാൾക്ക് കഴിവില്ലെന്ന് സ്ഥാപിക്കാനുള്ള ഇടപെടൽ നടത്തിയതായാണ് ചൂണ്ടിക്കാട്ടിയത്. - പിണറായി വ്യക്തമാക്കി.

പിണറായിക്ക് ദുഷ്ടലാക്കാണെന്ന് മന്ത്രി ഷിബു ബേബിജോൺ കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തൊഴിൽ വകുപ്പ് നടപ്പാക്കിയതാണ് 'തണൽ' പദ്ധതി. അത് നിറുത്തിയത് പിണറായി സർക്കാരാണെന്ന കാര്യം

ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും ഷിബു വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA