SignIn
Kerala Kaumudi Online
Sunday, 21 June 2026 1.00 AM IST

'കുറവുകളെയല്ല  കഴിവുകളെ കുറിച്ചോർക്കണം'; 'ഇമ്മിണി വല്ല്യ' വിശേഷങ്ങളുമായി എസ്തർ മരിയ ടോമി

esther

മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന തരത്തിൽ പ്രചോദനമാകുക എന്നത് ഏതൊരു മനുഷ്യനും വലിയ കാര്യമാണ്. ഒരു വ്യക്തിയുടെ വാക്കുകളോ പ്രവൃത്തികളോ മറ്റുള്ളവരുടെ ചിന്താഗതിയെയും ലക്ഷ്യങ്ങളെയും മാറ്റിമറിക്കുമ്പോഴാണ് യഥാർത്ഥ പ്രചോദനമാകുന്നത്. അത്തരത്തിൽ തന്റെ ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യവും മനഃസാന്നിദ്ധ്യവും കൊണ്ട് തോൽപ്പിച്ച് തന്റെ സ്വപ്നങ്ങൾക്കായി പോരാടുന്ന മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ഒരു കൊച്ചുമിടുക്കിയുണ്ട്. പറഞ്ഞുവരുന്നത് പ്ലസ്ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് ഇല്ലാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വാർത്തകളിൽ നിറഞ്ഞ എസ്തർ മരിയ ടോമിയെ കുറിച്ചാണ്. റിട്ടയേർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ടോമി ജോസഫിന്റെയും ഇടുക്കി വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ സോഷ്യോളജി അദ്ധ്യാപിക ഫിലോമിന സെബാസ്റ്റ്യന്റെയും നാലുമക്കളിൽ മൂന്നാമത്തെയാളാണ് എസ്തർ മരിയ ടോമി.

ഇടുക്കി വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്തർ ഇന്ന് നിരവധിപേർക്ക് ഒരു പ്രചോദനമാണ്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണിപ്പോൾ എസ്തർ. എസ്തറിന്റെ അടുത്ത ലക്ഷ്യം എഞ്ചിനീയറിംഗാണ്. നിലവിൽ പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എഐ കോഴ്സിൽ അഡ്മിഷൻ നേടിയിരിക്കുകയാണ് എസ്തർ. പ്ലസ്ടു ഫലം പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും എസ്തർ വലിയ തിരക്കിലാണ്. അതിനിടെ തന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ചും പഠനരീതിയെകുറിച്ചും ശാരീരിക പരിമിതികളെ മറിക്കാനുള്ള മനോദൈര്യത്തെ കുറിച്ചും കേരള കൗമുദി ഓൺലൈനയോട് മനസു തുറക്കുകയാണ് എസ്തർ മരിയ ടോമി.

പ്ലസ്ടു പരീക്ഷയിൽ മിന്നും വിജയം സ്വന്തമാക്കിയപ്പോൾ എസ്തറിന് ആദ്യം തോന്നിയത് എന്താണ്? എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിച്ചിരുന്നോ?

എനിയ്ക്ക് ഒരുപാട് സന്തോഷം തോന്നി. ഞാൻ ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ടാണ് ഈ വിജയം സ്വന്തമാക്കാൻ സാധിച്ചത്. ശരിയ്ക്കും പറഞ്ഞാൽ കഴിവുകൊണ്ട് മാത്രമല്ല എന്റെ കഷ്ടപ്പാടും പരിശ്രമവും കണ്ട് ഈശോയും മാതാവും എന്നെ ആനുഗ്രഹിച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവരുടെ അനുഗ്രഹം എനിയ്ക്കൊപ്പമുണ്ടെന്ന വിശ്വാസമുണ്ട്. എല്ലാ വിഷയത്തിനും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു. കാരണം ആദ്യം മുതൽ എന്റെ പഠനരീതി അങ്ങനെയായിരുന്നു. എല്ലാവിഷയത്തിനും എ പ്ലസ് വേണമെന്ന് ഉറപ്പിച്ചായിരുന്നു പഠിച്ചത്. ആ പരിശ്രമം വിജയം കണ്ടതിൽ എനിയ്ക്ക് വളരെ സന്തോഷമുണ്ട്.

എസ്തറിന്റെ ഈ വിജയത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ആരാണ്?

ടീച്ചേഴ്സിന്റെയും രക്ഷിതാക്കളുടെയും വലിയ സപ്പോർട്ട് എനിയ്ക്ക് ഉണ്ടായിരുന്നു. എങ്കിലും വിജയത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ആരെന്ന് ചോദിച്ചാൽ അത് ഞാൻ തന്നെയാണെന്ന് പറയും. കാരണം പഠനകാര്യങ്ങളും മറ്റെല്ലാം ചെയ്യുന്നത് ഞാൻ തന്നെയായിരുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ടീച്ചേഴ്സിനോട് ചോദിച്ച് മനസിലാക്കും. പിന്നെ വീട്ടിൽ നിന്നും നല്ല പിന്തുണയുമുണ്ടായിരുന്നു.

എസ്തറിന്റെ പഠനരീതി എങ്ങനെയായിരുന്നു? ദിവസവും എത്ര മണിക്കൂർ പഠനത്തിനായി മാറ്റിവച്ചു?

മറ്റുകുട്ടികളെ വച്ച് നോക്കുമ്പോൾ എന്റെ പഠനരീതി അല്പം വ്യത്യാസമായിരുന്നു. പ്രത്യേകിച്ച് ടൈംടേബിളൊന്നും ഉണ്ടായിരുന്നില്ല. പൊതുവെ രാത്രിയിലാണ് പഠിച്ചിരുന്നത്. രാത്രി രണ്ട് മണിവരെയൊക്കെ ഇരുന്ന് പഠിയ്ക്കും. എല്ലാദിവസവും അങ്ങനെയല്ല. എങ്കിലും പറ്റുന്ന ദിവസങ്ങളിൽ ഒരുപാട് നേരം പഠനത്തിനായി മാറ്റിവയ്ക്കും. രാവിലെ എഴുന്നേറ്റ് പഠിക്കുന്നത് വളരെ കുറവായിരുന്നു. സമയം നോക്കിയൊന്നും അല്ല ഞാൻ പഠിച്ചിരുന്നത്. സ്കൂളിൽ പോയിവന്നു കഴിഞ്ഞാൽ ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ കുറച്ചുനേരം റെസ്റ്റെടുക്കും. ശേഷം രാത്രി ഇരുന്ന് അന്നേ ദിവസം സ്കൂളിൽ പഠിപ്പിച്ചതൊക്കെ പഠിക്കും. ഇതൊക്കെയായിരുന്നു എന്റെ പഠനരീതി.

പഠനകാലയളവിൽ എസ്തർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? പരീക്ഷാ സമ്മർദ്ദങ്ങളെ എങ്ങനെയാണ് മറികടന്നത്?

അങ്ങനെ പ്രത്യേകിച്ച് വെല്ലുവിളികളൊന്നും ഇല്ലായിരുന്നു. പക്ഷെ പരീക്ഷയുടെ സമയത്ത് അത്യാവശ്യം ടെൻഷനൊക്കെയുണ്ടായിരുന്നു. പ്രത്യേകിച്ച് പരീക്ഷയുടെ ഒരാഴ്ച മുൻപൊക്കെയാണ് എനിയ്ക്ക് ടെൻഷൻ തോന്നുന്നത്. ഞാൻ പരീക്ഷ തുടങ്ങുന്നതിന് ഏകദേശം ഒരുമാസം മുൻപ് മുതൽ ഞാൻ നല്ലപോലെ പഠിക്കാൻ തുടങ്ങും. പഠിച്ചത് വീണ്ടും വീണ്ടും റിവിഷൻ ചെയ്യും. പിന്നെ ടെൻഷൻ തോന്നുന്ന സമയം ഞാൻ നന്നായിട്ട് പ്രാർത്ഥിയ്ക്കും. വചനങ്ങളൊക്കെ ചൊല്ലും.

പഠനത്തിനൊപ്പം മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചിരുന്നോ?

ഞാൻ പഠനത്തോടൊപ്പം സോഷ്യൽ മീഡ‌ിയയൊക്കെ ഉപയോഗിക്കുമായിരുന്നു. ഇപ്പോൾ ഒരു മണിക്കൂർ പഠിക്കുകയാണെങ്കിൽ അഞ്ചുമിനിറ്റ് വിശ്രമിക്കും. ഈ സമയം ഞാൻ ഫോണെടുക്കും. കോമഡി, ട്രെൻഡിംഗ് ഡാൻസ് വീഡിയോസൊക്കെയാണ് ഇഷ്ടം. യൂട്യൂബാണ് ‌ ഞാൻ പൊതുവെ ഉപയോഗിക്കുന്നത്. പക്ഷെ ഞാൻ തന്നെ ഒരു നിയന്ത്രണം വച്ചിട്ടുണ്ട്. ഈ അ‌ഞ്ചുമിനിറ്റ് കഴിഞ്ഞാൽ ഫോൺ മാറ്റിവയ്ക്കും. നമ്മൾ തന്നെ ഫോൺ ഉപയോഗം നിയന്ത്രിയ്ക്കുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല, പക്ഷെ ഫോൺ നമ്മളെ നിയന്ത്രിക്കാൻ പാടില്ല. വെറുതെ ഇരിക്കുവാണെങ്കിൽ ഫോണിൽ കുറെ നേരമൊക്കെ ഇരിക്കാൻ തോന്നും. പക്ഷെ നമ്മൾ തന്നെ അത് നിയന്ത്രിക്കണം.

ജീവിതത്തിൽ എസ്തറിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് ആരാണ്?

എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് തിരുകുടുംബമാണ്. ഈശോയും മാതാവും ഔസേപ്പിതാവും അവരൊക്കെയാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്. എനിയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പ്രാർത്ഥനയിലൂടെ ഞാൻ അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യും. നല്ല കാര്യങ്ങളൊക്കെയാണെങ്കിൽ അത് ഉറപ്പായും നടക്കും. പിന്നെ ബൈബിൾ ‌ഞാൻ വായിക്കാറുണ്ട്. ബൈബിളിലെ ചില വചനങ്ങളാെക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നതിലൂടെ എല്ലാം ചെയ്യാൻ എനിയ്ക്ക് സാധിക്കും, ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല ഇതുപോലത്തെ വചനങ്ങളൊക്കെ ചൊല്ലി പ്രാർത്ഥിക്കാറുണ്ട്.


എപ്പോഴെങ്കിലും ഈ ശാരീരിക പരിമിതി ഒരു പ്രശ്നമായി തോന്നിയിട്ടുണ്ടോ? ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരോട് ​ എസ്തറിന് എന്താണ് പറയാനുള്ളത്?

ശാരീരിക പരിമിതി ഒരു പ്രശ്നമായി എനിയ്ക്ക് തോന്നിയിട്ടില്ല. നമ്മുടെ കുറവുകളേക്കാൾ കൂടുതൽ കഴിവുകൾ നമുക്ക് ഉണ്ടായിരിക്കും. കുറവുകളെ കുറിച്ച് ചിന്തിയ്ക്കാതെ കഴിവുകളെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കും. ആ കഴിവുകളെ നല്ല രീതിയിൽ വിനിയോഗിക്കുകയും അതിനെ വള‌ർത്തിയെടുക്കുകയും ചെയ്യുമ്പോൾ നമുക്ക് ഉന്നത വിജയം കിട്ടും. അതുകൊണ്ട് എല്ലാ കാര്യത്തിനെയും പോസിറ്റീവായി കണ്ട് മുന്നോട്ടുപോകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ESTHER MARIA TOMY, LIFE, PLUSTWO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA