SignIn
Kerala Kaumudi Online
Monday, 25 May 2026 12.40 PM IST

ഭായിമാർ വോട്ടിന് പോയി: സ്‌തംഭിച്ച് തൊഴിൽമേഖല

labours

തിരുവനന്തപുരം: ബംഗാൾ, അസാം, തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടിടാൻ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പോയതോടെ കേരളത്തിൽ നിർമ്മാണമേഖലയടക്കം എല്ലാ തൊഴിൽമേഖലകളും പ്രതിസന്ധിയിലായി. തിരഞ്ഞെടുപ്പുകളും ബക്രീദും കഴിഞ്ഞ് ജൂൺ പകുതിക്കുശേഷമേ ഇവർ തിരിച്ചെത്തൂ. കൊടുംചൂടിൽനിന്നുള്ള രക്ഷപ്പെടൽകൂടിയാണിത്.

അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളടക്കം മിക്ക വ്യവസായശാലകളും പ്രവർത്തിക്കുന്നത്. കൃഷി, ശുചീകരണം, മുടിവെട്ടൽ, സ്പാ, തെങ്ങുകയറ്റം, കടകളിൽ വില്പനക്കാർ, മരംവെട്ടൽ, മത്സ്യബന്ധനം, കൂലിപ്പണി എന്നിങ്ങനെ സമസ്ത തൊഴിൽമേഖലകളിലും അന്യസംസ്ഥാനക്കാരാണ് ബഹുഭൂരിപക്ഷവും. തൊഴിലാളികളില്ലാതെ ഹോട്ടലുകളടക്കം പല സ്ഥാപനങ്ങളും അടച്ചിടുകയാണ്.

അസാമിൽ വോട്ടെടുപ്പ് കഴിഞ്ഞു. ബംഗാളിലും തമിഴ്നാട്ടിലും വരാനിരിക്കുന്നു. ബംഗാളിലെ വോട്ടെടുപ്പ് 29നേ കഴിയൂ. വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭീഷണിയുള്ളതിനാൽ ഇത്തവണ വോട്ടുചെയ്തില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ആധാർ അസാധുവാകുമെന്നും പൗരത്വം നഷ്ടമാവുമെന്നും അന്യസംസ്ഥാനക്കാർക്കിടയിൽ വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇതും കൂട്ടത്തോടെ നാട്ടിലേക്ക് പോവാൻ പ്രേരണയായി. ബംഗാളിലേക്കുള്ള ട്രെയിനുകളിൽ വൻതിരക്കാണ്. കൂട്ടത്തോടെ യാത്രയ്ക്ക് ബംഗാളിലെ രാഷ്ട്രീയനേതാക്കൾ ഇവർക്ക് ട്രെയിൻടിക്കറ്റെടുത്ത് നൽകുന്നുമുണ്ട്.

 മലയാളിക്കു വേണ്ട, അവർ വന്നു

1.കൂടുതൽ അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും ആലപ്പുഴയിലുമാണ്. മത്സ്യബന്ധനമേഖലയിൽ 60% അന്യസംസ്ഥാനക്കാർ.

2. 25-30ലക്ഷം അന്യസംസ്ഥാനതൊഴിലാളികളുണ്ടെന്നാണ് ആസൂത്രണ ബോർഡിന്റെ കണക്ക്. മലയാളികൾ വിദേശത്തേക്ക് കുടിയേറിയപ്പോൾ ആ ഒഴിവിലേക്കെത്തിയവരാണിവർ.

3. 20,000 കോടിയോളം രൂപ കൂലിയായി ഇവർക്ക് നൽകുന്നുണ്ട്. 7500- 8500 കോടി പ്രതിവർഷം ഇവർ നാട്ടിലേക്ക് അയയ്ക്കുന്നു.

800- 1200

രൂപയാണ് അന്യസംസ്ഥാനക്കാരുടെ ദിവസക്കൂലി

''ദേശീയശരാശരിയേക്കാൾ ഇരട്ടിയിലേറെ കൂലിയാണ് കേരളത്തിലുള്ളത്. അതിനാൽ പോയവർ തിരിച്ചെത്തുമെന്നതിൽ സംശയം വേണ്ട. തൊഴിൽമേഖലയിൽ പ്രതിസന്ധിയുണ്ടെന്നത് ശരിയാണ്''

-ഡോ.കെ.രവിരാമൻ,

ആസൂത്രണ ബോർഡംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LABOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA