SignIn
Kerala Kaumudi Online
Saturday, 30 May 2026 2.48 PM IST

വർക്ക് ഔട്ടും ഡയറ്റും നോക്കി മടുത്തോ? അമിതവണ്ണം കുറയ്ക്കാൻ പാമ്പ് സഹായിക്കുമെന്ന് ശാസ്‌ത്രജ്ഞർ

python

അമിതവണ്ണത്താൽ വിഷമിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുകയും ഡയറ്റ് നോക്കുകയുമാണ് വണ്ണം കുറയ്ക്കാനായി മിക്കവരും ആശ്രയിക്കുന്നത്. എന്നാൽ ഇവയിൽ നിന്ന് മികച്ച ഫലം ലഭിക്കാത്തവരും ധാരാളമുണ്ട്. ഇത്തരക്കാർക്ക് ഒരാശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ. പെരുമ്പാമ്പിന്റെ രക്തം മനുഷ്യരിലെ അമിതവണ്ണത്തിന് പരിഹാരമാണെന്നാണ് കണ്ടെത്തൽ. ബർമീസ് ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകളെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് അവയുടെ രക്തത്തിലെ ഒരു തന്മാത്രയിൽ ശരീരഭാരം നിയന്ത്രിക്കാനുള്ള സാദ്ധ്യതകൾ കണ്ടെത്തിയത്.

പ്രായപൂർത്തിയാകാത്ത പെരുമ്പാമ്പുകളുടെ രക്തം ഭക്ഷണത്തിന് മുൻപും ശേഷവുമായി ശേഖരിച്ചതിനുശേഷമായിരുന്നു പഠനം നടത്തിയത്. സ്വന്തം ശരീരഭാരത്തോളം തന്നെ ഭാരമുള്ള ഇരയെ പെരുമ്പാമ്പുകൾക്ക് ഭക്ഷിക്കാനാവും. ഒരിക്കൽ ഭക്ഷണം കഴിച്ചാൽ പിന്നീടുള്ള ദിവസങ്ങളിൽ ദഹനത്തിന് മാത്രമായാണ് പെരുമ്പാമ്പുകളുടെ ശരീരം പ്രവർത്തിക്കുന്നത്. ഭക്ഷണം ഉള്ളിൽ ചെന്നതിനുശേഷം അവയുടെ രക്തത്തിലെ ചില തന്മാത്രകൾ വേഗത്തിൽ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. അസാധാരണമായ മെറ്റാബോളിസത്തിന് സഹായിക്കുന്നത് ഈ പ്രതിഭാസമാണ്.

ഇരുന്നൂറിലധികം തന്മാത്രകൾ ഗണ്യമായി ഉയർന്നതായി ശാസ്‌ത്രജ്ഞർ കണ്ടെത്തി. അതിൽ പിടിഒഎസ് എന്ന തന്മാത്ര മാത്രം ആയിരം മടങ്ങ് വർദ്ധിച്ചിരുന്നു. ദഹന നാളത്തിലെ ബാക്‌ടീരിയ ഉത്‌പാദിപ്പിക്കുന്ന ഈ തന്മാത്ര മനുഷ്യരിലും ചെറിയ അളവിൽ കാണപ്പെടുന്നതായി ശാസ്‌ത്രജ്ഞർ തിരിച്ചറിഞ്ഞു. ഇത് അമിതവണ്ണത്തിനുള്ള ചികിത്സയിൽ എത്രത്തോളം സാദ്ധ്യത തുറന്നുവയ്ക്കുന്നുണ്ടെന്ന് കണ്ടെത്തുന്നതിനായി ശരീരഭാരം അധികമുള്ള എലികളിൽ പിടിഒഎസ് തന്മാത്ര പരീക്ഷിച്ചു. അസാധാരണമായ മാറ്റമാണ് കണ്ടതെന്ന് ഗവേഷകർ പറയുന്നു. 28 ദിവസത്തിനുള്ളിൽ എലികൾ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അതിന്റെ ഫലമായി അവയുടെ ശരീരഭാരം ഒൻപത് ശതമാനം കുറയുകയും ചെയ്തു.

വിശപ്പ് നിയന്ത്രിക്കുന്ന തലച്ചോറിലെ മേഖലയായ ഹൈപ്പോതലാമസിലാണ് പിടിഒഎസ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണത്തിനുള്ള ചികിത്സാരീതി വികസിപ്പിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. മനുഷ്യരിൽ പെരുമ്പാമ്പിന്റെ രക്ത തന്മാത്രകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നത് സംബന്ധിച്ചും വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, PYTHON, OBESITY, OBESITY AND SNAKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY