ആലപ്പുഴ: ദേശീയപാത നവീകരണത്തിന് മണ്ണെടുക്കാൻ പുന്നമടക്കായലിൽ ഡ്രഡ്ജറെത്തിയതോടെ കുട്ടനാട്ടിലെ നെൽകൃഷിക്കും ജലലഭ്യതയ്ക്കും ഖനനം ഭീഷണിയാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
സമുദ്രനിരപ്പിനേക്കാൾ താഴ്ന്നുകിടക്കുന്നതും മടകെട്ടി കൃഷിയിറക്കുന്നതുമായ കുട്ടനാടിനോട് ചേർന്നുകിടക്കുന്ന പുന്നമടയിലെ കായൽ ഖനനം ഹെക്ടർ കണക്കിന് സ്ഥലത്തെ നെൽകൃഷിക്ക് ഭീഷണിയാകുമെന്ന ഭയം കർഷകർക്കുണ്ട്.
വിതമുതൽ വിളവെടുപ്പ് വരെ വെള്ളം കയറ്റിയും ഇറക്കിയുമാണ് കുട്ടനാട്ടിലെ കൃഷി. ഖനനത്തിൽ കായലിന്റെ ആഴം കൂടുന്നത് പാടശേഖരങ്ങളിൽ നിന്ന് വെള്ളം പുന്നമടയിലേക്കൊഴുകാൻ ഇടയാക്കുമെന്നും കുട്ടനാടിന്റെ സ്വാഭാവിക പരിസ്ഥിതിക്കും ഭൂപ്രകൃതിക്കും തടസമാകുമെന്നും അവർ സംശയിക്കുന്നു.
നെൽകൃഷിക്ക് ആവശ്യമായ വെള്ളം സംഭരിച്ച് നിർത്താനുള്ള സംവിധാനങ്ങളൊന്നും സജ്ജമാക്കിയിട്ടില്ലെന്നതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മണ്ണിന്റെ വിലയും റോയൽട്ടിയും സർക്കാർ ഒഴിവാക്കിയതോടെ ദേശീയ പാത നവീകരണത്തിന് പുന്നമടക്കായലിൽ നിന്ന് മണ്ണ് ഖനനം ഉടൻ ആരംഭിക്കും. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന്റെ വടക്കുഭാഗത്തായാണ് ഡ്രഡ്ജറുള്ളത്. മണ്ണ് ശേഖരിക്കാനുളള യാർഡും സജ്ജമാക്കിയിട്ടുണ്ട്. കായലിൽ നിന്നെടുക്കാവുന്ന മണ്ണിന്റെ തോത് നിർണയിച്ച് ഹൈഡ്രോഗ്രാഫിക് സർവെ വിഭാഗം ഇറിഗേഷൻ വകുപ്പിന് റിപ്പോർട്ടും നൽകിക്കഴിഞ്ഞു.
മണ്ണെടുക്കൽ ദേശീയപാത നവീകരണത്തിന്
1.ദേശീയപാത നവീകരണത്തിന് മണ്ണ് തീരെ ലഭിക്കാതെ വന്നതോടെയാണ് കായലുകൾ ഡ്രഡ്ജ് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. ദേശീയപാതയിൽ തുറവൂർ– പറവൂർ റീച്ചിന്റെ നിർമ്മാണക്കരാറുള്ള കെ.സി.സി ബിൽഡ്‌കോൺ കമ്പനിക്കാണ് കായലിൽ നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്
2.പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിനു വടക്ക് വേമ്പനാട്കായലിൽ ദേശീയ ജലപാതയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് 3.5 കിലോമീറ്റർ നീളത്തിലാണ് ഖനനം ചെയ്യുക. 3 മീറ്റർ വരെ ആഴത്തിൽ മണ്ണ് എടുക്കാനാണ് അനുമതി. മണ്ണ് ജങ്കാറിൽ തീരത്ത് എത്തിക്കും. തുടർന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴിവാക്കും. കഴുകി ചെളിയും അമ്ലത്വവും കളഞ്ഞ ശേഷമാകും ഉപയോഗിക്കും
3. അടിപ്പാതകളും മേൽപാലങ്ങളും ഉൾപ്പെടെയുള്ളവയുടെ അപ്രോച്ച് റോഡ് നിർമാണത്തിനാണ് മണ്ണ് കൂടുതലായി ആവശ്യമുള്ളത്. തുറവൂർ– പറവൂർ റീച്ചിലേക്ക് എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നാണ് മണ്ണ് എത്തിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് തുറവൂർ– പറവൂർ റീച്ച്. മണ്ണ് ലഭിക്കുന്നതോടെ ജോലികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ
.......................................
1100 സ്ക്വയർ കിലോമീറ്റർ ഉള്ള വിശാലക്കുട്ടനാട്ടിൽ, ഏകദേശം 500 സ്ക്വയർ കിലോമീറ്റർ ജലത്താൽ ചുറ്റപ്പെട്ട നിൽക്കുന്ന ഭൂപ്രകൃതിയാണ്. ഇങ്ങനെയുള്ള ഭൂപ്രദേശത്തുനിന്ന്, ആധുനിക യന്ത്ര ങ്ങളുടെ സഹായത്തോടെ മണൽ നീക്കുന്നത് പരിസ്ഥിതിക്കും കൃഷിക്കും ദോഷം ചെയ്യും. അറബിക്കടലിൽ മണൽ സുലഭമായി ലഭ്യമാണെന്നിരിക്കെ ഖനന തീരുമാനം പിൻവലിക്കണം
സോണിച്ചൻ പുളിങ്കുന്ന്, ജനറൽ സെക്രട്ടറി,
നെൽ കർഷക സംരക്ഷണ സമിതി
പുന്നമടയിൽ നടത്തുന്ന ഖനനം ഒരു കാരണവശാലും കുട്ടനാട്ടിലെ കൃഷിയെയും പരിസ്ഥിതിയെയും ഹാനികരമായി ബാധിക്കില്ല. കുറഞ്ഞ അളവിലുള്ള സ്ഥലത്ത് നിന്ന് ചെളിയും മേൽമണ്ണുമാണ് നീക്കം ചെയ്യുന്നത്. ഇത് മത്സ്യ സമ്പത്തിനോ, കൃഷിക്കോ യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാക്കില്ല. വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഖനനത്തിന് അനുമതി നൽകിയിട്ടുളളത്
- അലക്സ് വർഗീസ്, ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |