ആലപ്പുഴ: മഴ ശക്തിപ്രാപിച്ച് തുടങ്ങിയെങ്കിലും ആലപ്പുഴ നഗരത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. ഇതിനെതിരെ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് പ്രതിപക്ഷ കൗൺസിലർമാർ.
പ്രധാന തോടുകളും ഇടത്തോടുകളുമെല്ലാം പോള നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. ഐ.ഐ.ടി. മുംബയ്, കില, സി.ഡി.ഡി സൊസൈറ്റി ഒഫ് ഇന്ത്യ, കോസ്റ്റ് ഫോർഡ്, ശുചിത്വ മിഷൻ, ഇറിഗേഷൻ വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു കനാൽ ശുചീകരണം നടത്തിയത്. ഇതിനുശേഷം കനാലിന്റെ തീരങ്ങളുടെ കുറച്ചുഭാഗം സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും ശുചീകരിച്ച് പരിപാലിക്കാനായി കൈമാറി. എന്നാൽ, മറ്റിടങ്ങളിൽ ശുചീകരണവും പരിപാലനവും പാളി. വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ എന്നിവയും അവയെ ബന്ധിപ്പിക്കുന്ന ചെറുകനാലുകളും തോടുകളുമാണ് നഗരത്തിലുള്ളത്.
പുല്ല് ചെത്തുന്നതും കാനകൾ വൃത്തിയാക്കുന്നതുമടക്കമുള്ള പ്രവർത്തനങ്ങൾ വാർഡുകളിൽ നടക്കുന്നുണ്ട്. ഇതുകൊണ്ടുമാത്രം കാര്യമില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ വാർഡിനും ഒരുലക്ഷം രൂപവിതം ശുചീകരണപ്രവർത്തനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതുകൂടാതെ എൻജിനീയറിംഗ് വിഭാഗത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ഫണ്ടുമുണ്ട്. ഈ ഫണ്ട് വിനിയോഗിച്ചുള്ള ജോലികൾ കൃത്യമായും വേഗത്തിലും നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സർവത്ര പോള
വർഷങ്ങളെടുത്തു ചെളി കോരിമാറ്റി വൃത്തിയാക്കിയ കനാലുകളിലെല്ലാം പോള തിങ്ങിനിറഞ്ഞു
പോള വാരാനായി നഗരസഭയ്ക്ക് യന്ത്രമുണ്ടെങ്കിലും അത് കൃത്യമായി പ്രവർത്തിപ്പിക്കുന്നില്ല
ഓരോവർഷവും പോളനീക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കിയിട്ടും അതിന്റെ പ്രയോജനമൊന്നുമില്ല
പോള തിങ്ങിയ ഇടങ്ങൾ ഇപ്പോൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറിയതായും ആക്ഷേപമുണ്ട്
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് വലിയ വെള്ളക്കെട്ടിന് കാരണമാകും. മഴ ശക്തി പ്രാപിച്ചു വരുന്ന സമയത്ത് അലംഭാവമാണ് ഭരണപക്ഷം നടത്തുന്നത്
- വി.ജി. വിഷ്ണു, പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |