
കായംകുളം : ബോഗിക്ക് താഴെനിന്ന് പുക ഉയർന്നതിനെത്തുടർന്ന് എറണാകുളം- കായംകുളം മെമു കായംകുളത്തിന് സമീപം അഞ്ചരമണിക്കൂറോളം നിറുത്തിയിടേണ്ടി വന്നതോടെ ട്രെയിനുകൾ വൈകി. എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് വരികയായിരുന്ന മെമു ഇന്നലെ രാവിലെ 11.15 ന് കായംകുളം റെയിൽവേ സ്റ്റേഷന് ഒന്നര കിലോമീറ്റർ വടക്ക് നടയ്ക്കാവ് ഗേറ്റിന് സമീപത്തെത്തിയപ്പോഴാണ് പുക ഉയരുന്നത് ഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ട്രെയിൻ നിറുത്തിയിട്ടു. റെയിൽവേ ഉദ്യോഗസ്ഥരും ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി വൈകിട്ട് അഞ്ച് മണിയോടെയാണ് കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ മാറ്റിയത്. വീൽ ജാമായതാണ് പുക ഉയരാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരാർ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞില്ല. രണ്ടാമത്തെ ലൈനിലൂടെ മറ്റ് ട്രെയിനുകൾ തിരിച്ചുവിട്ടെങ്കിലും പല സർവീസുകളും വൈകി. ജനശതാബ്ദി എക്സ്പ്രസ് മുക്കാൽ മണിക്കൂറും കൊല്ലം മെമു അരമണിക്കൂറും ശബരി എക്പ്രസ് കാൽ മണിക്കൂറും പിടിച്ചിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |