ആലപ്പുഴ: നഗരസഭയിൽ മാലിന്യപ്രശ്നങ്ങളെച്ചൊല്ലി ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുമ്പോഴും കൗൺസിൽ യോഗങ്ങൾ 'രഹസ്യ'മായി കൂടുന്നു. പ്രതിപക്ഷ നിലപാടിനെത്തുടർന്ന് അജണ്ടകൾ പാസാക്കാനാവുന്നില്ലെന്ന് ആരോപിച്ച് നഗരസഭാദ്ധ്യക്ഷ വാർത്താസമ്മേളനം നടത്തിയതിനുശേഷം ഇന്നലെയുൾപ്പെടെ രണ്ടുതവണയാണ് കൗൺസിൽ യോഗങ്ങൾ രഹസ്യമായി നടന്നത്.
11അജണ്ടകൾ ഉൾപ്പെടുത്തിയ യോഗം മാദ്ധ്യമങ്ങളെപ്പോലും അറിയിക്കാതെയാണ് ചേർന്നത്. നഗരസഭയുടെ ഔദ്യോഗിക വാട്ട്‌സ് ആപ് ഗ്രൂപ്പിലും ഇത് സംബന്ധിച്ച് അറിയിപ്പ് വന്നില്ല. മാലിന്യവിഷയത്തിൽ നഗരസഭാദ്ധ്യക്ഷ നടത്തിയ വാർത്താസമ്മേളനത്തിനുശേഷം പ്രതിപക്ഷവും വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷനേതാവ് വി.ജി.വിഷ്ണുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ച് സന്ദർശിച്ച് കളക്ടറെ കണ്ട് നിവേദനവും നൽകി. വിഷയത്തിൽ വിജിലൻസിന് പരാതി നൽകാനും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് മാദ്ധ്യമങ്ങളെ അറിയിക്കാതെ കൗൺസിൽയോഗം ചേർന്നത്. വാർഷികധനകാര്യ പത്രിക, സ്റ്റേഷനറി സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ അനുവദിക്കൽ, വിവിധ പ്രോജക്ടുകൾക്കുള്ള അദ്ധ്യക്ഷയുടെ മുൻകുർ അനുമതി, ഹൈമാസ്റ്റ് ലാമ്പ് മാറ്റിസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചർച്ച. മാലിന്യപ്രശ്നങ്ങളൊന്നും ചർച്ചയിൽ വന്നതുമില്ല. നഗരത്തിലെ തെരുവ്നായ്ക്കൾക്കിടയിൽ വ്യാപകമായ രോഗം നിയന്ത്രിക്കാൻ പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നില്ലെന്നായിരുന്ന് യോഗത്തിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.
മാലിന്യനീക്കത്തിന് അധിക പണം:
യോഗം വിളിക്കാൻ തീരുമാനം
കരാർ കാലാവധി കഴിഞ്ഞ കമ്പനി താൽക്കാലിക അനുമതിയുടെ പിൻബലത്തിൽ നഗരത്തിലെ മാലിന്യങ്ങൾ മറ്റ് ജില്ലകളിൽ കൊണ്ടുപോയി മറവു ചെയ്യുന്നതിനെതിരെയും ഇന്നലെ കൗൺസിലിൽ പ്രതിഷേധമുയർന്നു. നഗരത്തിലെ ജൈവ,അജൈവ മാലിന്യങ്ങൾ കരാർ പ്രകാരം 2026 മാർച്ച് വരെ ശേഖരിച്ചത് അമല കമ്പനിയായിരുന്നു. ഫെബ്രുവരിയിൽ റിടെൻഡർ ക്ഷണിച്ചെങ്കിലും ഇവർ മാത്രമേ പങ്കെടുത്തുള്ളൂ. തുടർന്ന്, ജൂൺ വരെ അമലയെ ചുമതലപ്പെടുത്തി. ഒരുകിലോ ജൈവ മാലിന്യത്തിന് അഞ്ച് രൂപയും ജി.എസ്.ടിയും വാങ്ങി ശേഖരിക്കാനായിരുന്നു താത്ക്കാലികാനുമതി. ഹോട്ടലുകാരിൽ നിന്ന് അമല അധികപണം ഈടാക്കുന്നത് സംബന്ധിച്ചുള്ള പരാതി ചർച്ച ചെയ്യാൻ അവരെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കാമെന്ന് നഗരസഭാദ്ധ്യക്ഷ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |