ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന് 'വേഴു' എന്ന് പേരിട്ടു. കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ലിജു പേര് പതിച്ച ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഷാജി.വി.നായർ, നടി ദേവിചന്ദന എന്നിവർ ചേർന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
ആലപ്പുഴ കുതിരപ്പന്തി നടുവിലെപറമ്പ് എ.ആർ.ശുഐബാണ് പേര് നിർദ്ദേശിച്ച് വിജയിയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 1575 എൻട്രികളിൽ നിന്നാണ് 'വേഴു' എന്ന പേര് തിരഞ്ഞെടുത്തത്. 30 പേർ 'വേഴു' എന്ന് നിർദേശിച്ചു. നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ.റോയ്, മുൻ ഡി.ടി.പി.സി സെക്രട്ടറി സി.പ്രദീപ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്. ചടങ്ങിൽ നഗരസഭാംഗങ്ങളായ എ.എം.നൗഫൽ, ബെന്നി ജോസഫ്, ബിജി ശങ്കർ, എ.ഡി.എം സി.പ്രേംജി, ജില്ലാ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി.പ്രദീപ്, ഡോ.നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ, എ.കബീർ, ടി.ആർ.ആസാദ്, അഡ്വ ജി.മനോജ് കുമാർ, കെ.നാസർ, രമേശൻ ചെമ്മാപറമ്പിൽ, നസീർ പുന്നയ്ക്കൽ, സുഭാഷ് ബാബു, പി.കെ.ബൈജു, റോയി പാലത്ര, എബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |