SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് തടസമില്ല: മന്ത്രി എം.ലിജു

ആലപ്പുഴ: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് തടസ്സമില്ലെന്നും നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ജില്ലാഭരണകൂടം ഏകോപിപ്പിക്കണമെന്നും മന്ത്രി എം.ലിജു പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലയുടെ ചുമതലയുള്ള മന്ത്രികൂടിയായ എം.ലിജു.
തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവയിലൂടെയുള്ള നീരൊഴുക്ക് വേഗത്തിലാക്കണം. ജലനിർഗമന മാർഗങ്ങളിലെ മാലിന്യങ്ങൾ നീക്കുന്നതിന് മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളെയും തദ്ദേശവകുപ്പിനെയും ചുമതലപ്പെടുത്തി. തോട്ടപ്പള്ളി പൊഴി മുറിച്ച് വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കൂടുതൽ യന്ത്രങ്ങളെത്തിച്ച് അടിയന്തരമായി നീക്കണം. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പുവരുത്താൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി. അന്ധകാരനഴിയിലെ പൊഴിയിലൂടെയുള്ള നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന മണൽ എത്രയും വേഗം നീക്കിയിങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

തൃക്കുന്നപ്പുഴ കടപ്പുറത്ത് കടലാക്രമണത്തെ തുടർന്ന് തകർന്ന റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ യോഗത്തിൽ പങ്കെടുത്ത മന്ത്രി രമേശ് ചെന്നിത്തല ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തൃക്കുന്നപ്പുഴയിൽ കടലാക്രമണത്തിൽ വീട് തകർന്നവരെ ഉടൻ വീട് വാടകയ്ക്കെടുത്ത് പുനരധിവസിപ്പിക്കാനും നിർദേശിച്ചു.
ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അറിയിച്ചതിനെത്തുടർന്ന് തുറവൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും റോഡിലെ കുഴികൾ അടക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാത അധികൃതർക്ക് മന്ത്രി എം.ലിജു നിർദേശം നൽകി.
ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ പി.പ്രസാദ്, സജി ചെറിയാൻ, റെജി ചെറിയാൻ, ജില്ലാ കളക്ടർ ഷാജി.വി.നായർ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL