SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

വിളനാശത്തിൽ ഇൻഷ്വറൻസ് കിട്ടുമോയെന്നതിൽ ആശങ്ക

ആലപ്പുഴ : കേന്ദ്രസർക്കാരിന്റെ ഏകീകൃത കർഷക ഐ.ഡി രജിസ്ട്രേഷനായ അഗ്രിസ്റ്റാക്കില്ലാത്തതിന്റെ പേരിൽ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയായ ഫസൽ ഭീമാ യോജനയുടെ ആനുകൂല്യം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയിൽ കർഷകർ. മഴയും പ്രളയവും കുട്ടനാട്ടിൽ വ്യാപക കൃഷിനാശത്തിനിടയാക്കിയതാണ് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

കഴിഞ്ഞമാസം 31 വരെയാണ് പദ്ധതിയിൽ ചേരാനുണ്ടായിരുന്ന സമയപരിധിയെങ്കിലും, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്രം ഇതിനുള്ള ഉപാധികളിൽ മാറ്റം വരുത്തിയതിനാൽ പാട്ടകൃഷിക്കാരുൾപ്പെടെ വലിയൊരു ശതമാനം കർഷകർക്ക് പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നില്ല. രജിസ്ട്രേഷനോ പ്രീമിയം ഒടുക്കാനോ കർഷകർക്ക് കഴിയാതിരിക്കെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായിൽ കനത്ത മഴയും മടവീഴ്ചയും പ്രളയ സമാനമായ സാഹചര്യവും കുട്ടനാട്ടിലുണ്ടായത്.
കേന്ദ്രസർക്കാരിന്റെ 'അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി'പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമാണ് കർഷക ഐ.ഡിയുള്ളത്. ആധാറും ഭൂമിയുടെ രേഖകളും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. മുൻവർഷങ്ങളിൽ ഐ.ഡി രജിസ്ട്രേഷൻ നിർബന്ധമല്ലായിരുന്നു. ജില്ലയിൽ രണ്ടര ലക്ഷത്തോളം കർഷകരാണ് അഗ്രിസ്റ്റാക്കിന് അപേക്ഷ നൽകിയത്. ഇതിൽ 40 ശതമാനത്തോളം കർഷകർക്കേ ഐ.ഡി ലഭിച്ചിട്ടുള്ളൂ. ആദ്യഘട്ടത്തിൽ കൃഷിഭവനുകൾ വഴിയായിരുന്നു രജിസ്‌ട്രേഷൻ. പിന്നീട് കർഷകർക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ വഴിയോ രജിസ്ട്രേഷന് പ്രഖ്യാപനമുണ്ടായെങ്കിലും കീപാഡ് ഫോണുകൾ ഉപയോഗിക്കുന്ന കർഷകരിൽ പലർക്കും സമയപരിധിയ്ക്കുള്ളിൽ പദ്ധതിയിൽ ചേരാനായില്ല.

പദ്ധതിയിൽ ചേരാൻ കഴിയാതെ നിരവധി പേർ

ഒരു ഏക്കറിന് 640 രൂപ പ്രീമിയം ഒടുക്കുന്ന കർഷകർക്ക് കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ വിളനഷ്ടമുണ്ടായാൽ 32,400 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. നെല്ലിന് പുറമേ പച്ചക്കറികൾ, തോട്ടവിളകൾ, പഴവർഗങ്ങൾ എന്നിവയ്ക്കും ആനുകൂല്യം ലഭിക്കും. കാലവർഷക്കെടുതിയും അഗ്രിസ്റ്റാക്ക് രജിസ്ട്രേഷനിലുണ്ടായ കാലതാമസവും കണക്കിലെടുത്ത് വിള ഇൻഷുറൻസിൽ ചേരാനുള്ള സമയപരിധി കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം.

അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ നിർബന്ധിതമാക്കിയതും പാട്ടകർഷകർക്ക് രജിസ്ട്രേഷന് നേരിട്ട തടസ്സങ്ങളും, ഡിജിറ്റൽ സർവേ നടന്ന വില്ലേജുകളിൽ കരം അടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ ബന്ധിപ്പിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം അർഹരായ നിരവധി കർഷകർക്ക് പദ്ധതിയിൽ ചേരാൻ സാധിച്ചില്ല. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സമയപരിധി ഈമാസം 30 വരെ നീട്ടണം

- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട് കർഷക കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL