SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

പടയണിയിലൂടെ അർബുദം 'അലിയിപ്പിച്ച് ' പ്രസന്നകുമാർ

padayani

ആലപ്പുഴ: പടയണിപ്പാട്ടിന്റെയും ചുവടുകളുടെയും കരുത്തിൽ രക്താർബുദത്തെ അതിജീവിച്ച ആത്മവിശ്വാസമാണ് ബി.പ്രസന്നകുമാർ തത്വമസിയുടെ ജീവിതം. രണ്ടുവർഷം മുമ്പുണ്ടായ രോഗത്തെ പൊരുതിതോൽപ്പിച്ച കലാകാരൻ. തിരുവല്ല കുറ്റൂർ തത്വമസിയിലെ ബി.പ്രസന്നകുമാറിന് ആയിരത്തോളം ശിഷ്യൻമാരുണ്ട്.

കുറ്റൂർ സഹകരണബാങ്കിലായിരുന്നു ജോലി. 30 വർഷത്തെ സേവനത്തിനൊടുവിൽ സെക്രട്ടറിയായി വിരമിച്ചു. തുടർന്നാണ് പൂർണസമയ പടയണി കലാകാരനായത്. 2024ൽ പെട്ടെന്നൊരു ദിവസം ശരീരത്തിന് ക്ഷീണമുണ്ടായി. വിശദപരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചു. പക്ഷേ പടയണിയെ ജീവശ്വാസമാക്കിയ പ്രസന്നകുമാർ പതറിയില്ല. രോഗകിടക്കയിലും, കീമോ പോർട്ട് കൈയിലിട്ട് കിടക്കുമ്പോഴും ദിനചര്യകൾക്കൊപ്പം പടയണിയഭ്യാസവും പടയണിക്കളങ്ങളുടെയും പരിപാടികളുടെയും നിയന്ത്രണവും തുടർന്നു.

കീമോ കഴിഞ്ഞാൽ വിശ്രമിക്കാതെ പടയണിക്കളങ്ങളിലെത്തി പാട്ടിന് നേതൃത്വം നൽകി. മുൻകൂട്ടിയേറ്റ പരിപാടികളൊന്നും മുടക്കാതെ ശിഷ്യൻമാർക്കൊപ്പം അവതരിപ്പിച്ചു. വീട്ടുകാരും ഒപ്പം നിന്നു. ഫോക് ലോർ അക്കാഡമി ചെയർമാൻ എസ്. ഉണ്ണിക്കൃഷ്ണനെ ശിവകോലം അഭ്യസിപ്പിച്ചതും 'പടയണി അനുഷ്ഠാനവും കലയും" എന്ന പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ചതുമെല്ലാം രോഗക്കിടക്കയിലാണ്.

 കമ്പം പടയണിപ്പാട്ടിനോട്

കുട്ടിക്കാലത്ത് അമ്മ സൗദാമിനിയമ്മയ്ക്കൊപ്പം വീടിന് സമീപത്തെ കദളി മംഗലം ക്ഷേത്രത്തിൽ പടയണി കണ്ടപ്പോൾ മുതലാണ് പടയണിക്കമ്പം പ്രസന്നകുമാറിൽ കുടുങ്ങിയത്. എന്നാൽ ഡിഗ്രി പഠനത്തിന് ശേഷം 1985 ലാണ് പടയണി മോഹം സഫലമായത്. പടയണിപ്പാട്ടിനോടായിരുന്നു കമ്പമെങ്കിലും അതിന് മുമ്പേ ചുവടുപഠിച്ചു. തെക്കേലി രാജപ്പൻ നായർക്കും ഓതറ രാമൻപിള്ളയാശാനും കീഴിലായിരുന്നു പരിശീലനം. കുറ്റൂർ കേന്ദ്രമായ ഭൈരവി പടയണി സംഘത്തിന്റെ അമരക്കാരൻ കൂടിയായ പ്രസന്നകുമാറിനെ കേരള സംഗീത നാടക അക്കാഡമി അവാർഡും ഫോക് ലോർ അക്കാഡമി അവാർഡും ഫെലോഷിപ്പും നൽകി ആദരിച്ചിട്ടുണ്ട്. അമ്പിളിയാണ് ഭാര്യ. പടയണി കലാകാരന്മാർ കൂടിയായ ഡോ. ആദർശ് (ജർമ്മനി), ശ്രേയസ് എന്നിവർ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL