ആലപ്പുഴ : പിതൃതർപ്പണത്തിന് ജില്ലയിലെ സ്നാനഘട്ടങ്ങളൊരുങ്ങി. ആറുകളിലെ ജലനിരപ്പുയർന്നതു കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ബലിക്കടവുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രമുൾപ്പെടെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ആലപ്പുഴ തിരുവമ്പാടി ക്ഷേത്രം, കിടങ്ങാംപറമ്പ് ക്ഷേത്രം, കളപ്പുര ഘണ്ഠാകർണ്ണ സ്വാമി ക്ഷേത്രം, കുട്ടനാട് വെളിയനാട് ശിവാനന്ദപുരം ക്ഷേത്രം, ഒന്നാംകര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാവാലം നാരകത്തറ ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം, മണലാടി ചെറുവള്ളിക്കാവ്, കുന്നംകരി എസ്.എൻ.ഡി.പി ക്ഷേത്രം, കൈനടി കരുമാത്ര ക്ഷേത്രം, കരുവാറ്റ ശ്രീനാരായണ ധർമ്മസേവാസംഘം, കൊറ്റൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം, ചേർത്തല വേളോർവട്ടം മഹാദേവ ക്ഷേത്രം, കണ്ടമംഗലം മഹാദേവി ക്ഷേത്രം, കണിച്ചുകുളങ്ങര ക്ഷേത്രം , അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കോമന കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
തൃക്കുന്നപ്പുഴയിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് അറബിക്കടലോരത്താണ് ബലിതർപ്പണം. നാലുലക്ഷം പേരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 30 ബലിപ്പുരകളുണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി ദേവസ്വംവക ബലിതർപ്പണം നടക്കുന്ന കടൽത്തീരവും ക്ഷേത്രപരിസരവും ഇൻഷ്വർ ചെയ്തിട്ടുണ്ട് . ഒരാൾക്ക് 2 ലക്ഷം രൂപയുടെ കവറേജുണ്ടാകും. കടൽത്തീരത്ത് പൊലീസിന്റെ കൺട്രോൾ റൂം, അനൗൺസ്‌മെന്റ് റൂം എന്നിവയുണ്ടാകും. ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച വൈകുന്നേരം മുതൽ കെ.എസ്.ആർ.ടി.സി സർവീസുകളുണ്ടാകും.
ഹരിതചട്ടം കർശനം
ബലിതർപ്പണചടങ്ങുകളിൽ ഹരിതചട്ടം പൂർണമായി പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ ഡി.ഷിൻസ് അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. ബലിതർപ്പണത്തിന് ഉപയോഗിക്കുന്ന തുണികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പുഴയിലോ മറ്റു ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്. ഭക്ഷണ വിതരണത്തിനായി സ്റ്റീൽ പ്ലേറ്റുകളും, സ്റ്റീൽ ഗ്ലാസുകളും മാത്രം ഉപയോഗിക്കുക. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന് ആവശ്യമായ ബിന്നുകൾ സ്ഥാപിക്കുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും വേണം.
തൃക്കുന്നപ്പുഴയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
11ന് വൈകിട്ട് അഞ്ചുമുതൽ ഹരിപ്പാട്ടുനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് തുടങ്ങും. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, മാവേലിക്കര, പന്തളം, പത്തനംതിട്ട, കായംകുളം, കരുനാഗപ്പള്ളി, ആലപ്പുഴ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുണ്ടാകും. .
കിഴക്ക് നിന്നും വരുന്ന ഭക്തർ നങ്ങ്യാർകുളങ്ങര കാർത്തികപ്പള്ളി വഴി പടിഞ്ഞാറോട്ട് വന്ന് തൃക്കുന്നപ്പുഴ പാലത്തിന് സമാന്തരമായുള്ള താത്ക്കാലിക പാലത്തിലൂടെ ക്ഷേത്രത്തിലേക്കും സമുദ്രതീരത്തേക്കും പോകണം.
പിതൃപൂജ,തിലഹവനം എന്നിവ ക്ഷേത്രത്തിൽ നടത്തി തിരിച്ചു പോരുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കാണിക്കമണ്ഡപത്തിന്റെ സമീപത്തുകൂടി ജങ്കാർ വഴി തിരികെ പോകണം.
വടക്കുനിന്നു വരുന്ന ഭക്തജനങ്ങൾ കരുവാറ്റ ഹൈസ്‌കൂളിന് വടക്കുവശത്തുനിന്ന് പല്ലന കുമാരകോടി പാലം വഴി തൃക്കുന്നപ്പുഴയിൽ എത്തിച്ചേരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |