ആലപ്പുഴ: പുന്നമടക്കായലിൽ തുഴയെറിയുമ്പോൾ വേഗത്തിനൊപ്പം ചട്ടങ്ങളും പാലിക്കണം. ഒരു തുഴപ്പിഴവോ ട്രാക്കിലെ ചെറിയൊരു മാറ്റമോ പോലും മത്സരത്തിന്റെ ഗതി മാറ്റിയേക്കാം. ആവേശം അതിരുകടക്കുന്ന നെഹ്‌റുട്രോഫി ജലപ്പോരാട്ടത്തിൽ വള്ളങ്ങൾ എങ്ങനെ സഞ്ചരിക്കണം, എതിരാളിയെ എങ്ങനെ മറികടക്കണം, നിയമലംഘനമുണ്ടായാൽ എന്ത് നടപടി സ്വീകരിക്കണം തുടങ്ങി ഓരോന്നിനും കൃത്യമായ മത്സരച്ചട്ടങ്ങളുണ്ട്.
അന്താരാഷ്ട്ര പ്രാധാന്യമുള്ള ജലകായിക മേളയാണ് നെഹ്‌റുട്രോഫി വള്ളംകളി. ഒരേ വേദിയിൽ 10,000ത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന മത്സരം മറ്റൊന്നില്ലെന്നതും നെഹ്‌റുട്രോഫിയുടെ പ്രത്യേകതയാണ്.
ചുണ്ടൻവള്ളങ്ങളിലെ തുഴച്ചിലുകാരുടെ എണ്ണത്തിനും കൃത്യമായ മാനദണ്ഡമുണ്ട്. 75ൽ കുറയാനും 95ൽ കൂടാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടിയിൽ 45 മുതൽ 60 വരെയും ബി ഗ്രേഡ് വെപ്പ് ഓടിയിൽ 25 മുതൽ 35 വരെയും തുഴച്ചിലുകാർ വേണം. ഇരുട്ടുകുത്തി എ ഗ്രേഡിൽ 45 മുതൽ 60 വരെയും ബി ഗ്രേഡിൽ 25 മുതൽ 35 വരെയും തുഴച്ചിലുകാർ ഉണ്ടായിരിക്കണം. ഇരുട്ടുകുത്തി സി ഗ്രേഡിൽ 25ൽ താഴെയും ചുരുളൻ വള്ളത്തിൽ 25 മുതൽ 35 വരെയും തുഴച്ചിലുകാർ വേണം. തെക്കനോടി വനിതാ വള്ളത്തിൽ 30ൽ കുറയാത്ത തുഴച്ചിലുകാർ പങ്കെടുക്കണം. ഇവർക്ക് പുറമെ നിലക്കാരും പങ്കായക്കാരും ഉണ്ടാകും.
തുഴച്ചിലുകാർക്ക് 18 വയസ് തികഞ്ഞിരിക്കണം. നീന്തൽ പരിശീലനം ലഭിച്ചവരായിരിക്കണം. പ്രായം 55ൽ കൂടാനും പാടില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തുഴച്ചിലുകാരുടെ എണ്ണം ആകെ അംഗസംഖ്യയുടെ 25 ശതമാനത്തിൽ കൂടാൻ പാടില്ല. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ വള്ളത്തെ അയോഗ്യരാക്കും.
വള്ളത്തിനും ചട്ടമുണ്ട്
കളിവള്ളങ്ങളിൽ രാഷ്ട്രീയമോ മതപരമോ ആയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. വള്ളങ്ങൾക്ക് തടിയുടെ സ്വാഭാവിക നിറമോ കറുപ്പ് നിറമോ മാത്രമേ അനുവദനീയമായിട്ടുള്ളൂ. വ്യത്യസ്ത നിറത്തിലുള്ള വള്ളങ്ങളെ മത്സരിപ്പിക്കില്ല.
വനിതാ വള്ളങ്ങളിൽ പരമാവധി അഞ്ച് പുരുഷന്മാരെ അനുവദിക്കും. ഇവർക്ക് തുഴയാൻ അനുവാദമില്ല. വനിതാ തുഴച്ചിലുകാർ സാരി ധരിച്ച് മത്സരിക്കരുത്. യൂണിഫോമായി ട്രാക്ക് സ്യൂട്ടും ജേഴ്‌സിയുമാണ് ധരിക്കേണ്ടത്.
ഉച്ചയ്ക്ക് രണ്ടിന് മാസ് ഡ്രിൽ
മത്സരദിനത്തിൽ എല്ലാ ചുണ്ടൻവള്ളങ്ങളും മാസ് ഡ്രില്ലിനായി കൃത്യം രണ്ടിന് ഫിനിഷിംഗ് പോയിന്റിലെ പ്രധാന പവലിയന് മുന്നിൽ വിശിഷ്ടാതിഥികൾക്ക് അഭിമുഖമായി അണിനിരക്കണം. മാസ് ഡ്രില്ലിലെ ഓരോ ഘട്ടവും വിസിൽ സിഗ്‌നലിന്റെ അടിസ്ഥാനത്തിലാണ്.
ഒന്നാം വിസിൽ: തുഴ മടിയിൽ വയ്ക്കണം.
രണ്ടാം വിസിൽ: തുഴ ഇടതുകൈകൊണ്ട് പിടിച്ച് വലതുകൈകൊണ്ട് സല്യൂട്ട് ചെയ്യണം.
മൂന്നാം വിസിൽ:തുഴ നെഞ്ചോട് ചേർത്തുപിടിക്കണം.
നാലാം വിസിൽ:ആർപ്പുവിളിയോടെ തുഴയണം.
അഞ്ചാം വിസിൽ: തുഴ തിരിച്ച് കുത്തണം.
ആറാം വിസിൽ:തുഴ പുറത്തേക്ക് തള്ളണം.
ഏഴാം വിസിൽ: വീണ്ടും കുത്തണം.
എട്ടാം വിസിൽ: വീണ്ടും പുറത്തേക്ക് നൽകണം.
ഒമ്പതാം വിസിൽ:വീണ്ടും കുത്തണം.
പത്താം വിസിൽ:തുഴ വെള്ളത്തിലിടണം.
നാളെ: ആവേശത്തോണിയാകുന്ന കമന്ററി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |