SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.37 AM IST

പിറക്കുമോ പിറവത്ത് അത്ഭുതം?

കൊച്ചി: പിറവത്തെ യു.ഡി.എഫിന്റെ കുത്തക മണ്ഡലമെന്ന് പറയാം. 1977 മുതൽ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ 10 തവണയും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. അഞ്ചുവട്ടവും വിജയം കൊയ്തത് ടി.എം.ജേക്കബും കേരള കോൺഗ്രസ് ജേക്കബും. ടി.എം. ജേക്കബിന്റെ മരണ ശേഷം മകൻ അനൂപ് ജേക്കബും വിജയയാത്ര തുടരുകയാണ്. 1987ൽ ഗോപി കോട്ടമുറിക്കലിലൂടെയും 2006ൽ എം.ജെ. ജേക്കബിലൂടെയുമാണ് ഇടതിന് യു.ഡി.എഫ് കോട്ട ഇളക്കാനായത്. 2011ൽ ഇടതുസ്ഥാനാർത്ഥി എം.ജെ. ജേക്കബിനെതിരെ 157 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം നേടിയാണ് ടി.എം. ജേക്കബ് വിജയിച്ചത്.

മന്ത്രിപദത്തിലിരിക്കെ ടി.എം. ജേക്കബ് മരണപ്പെട്ടതിനു പിന്നാലെ 2012ൽ ഉപതിരഞ്ഞെടുപ്പിൽ അനൂപ് ജേക്കബ് 12,071 വോട്ടുകൾക്ക് ജയിച്ചു കയറി. ഇടതു തരംഗം ആഞ്ഞടിച്ച 2016ലും പിറവം യു.ഡി.എഫിന്റെ പൊളിയാ കോട്ടയായി. എങ്കിലും ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ എം.ജെ. ജേക്കബിനായി. ഇടതുപക്ഷം തുടർഭരണം നേടിയ 2021ലെ തിരഞ്ഞെടുപ്പിൽ പിറവം യു.ഡി.എഫിന്റെ തിളക്കമുള്ള മണ്ഡലമായി. പാർട്ടി മാറി കേരള കോൺഗ്രസ് (എം)ന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി അവതരിപ്പിക്കപ്പെട്ട ഉഴവൂർ സ്വദേശിനി സിന്ധുമോൾ ജേക്കബ് അമ്പേ പരാജയപ്പെട്ടു. അനൂപിന് വോട്ട് 85,056. സിന്ധുവിന് 59,692. അനൂപിന്റെ ഭൂരിപക്ഷം 25,364. അനൂപ് വോട്ടുയർത്തിയത് 8.03 ശതമാനം.

ഇത്തവണയും അനൂപ് ജേക്കബ് തന്നെയാണ് കേരള കോൺഗ്രസ് ജേക്കബിന്റെ സ്ഥാനാർത്ഥി. കേരള കോൺഗ്രസ് മാണി വിഭാഗം രംഗത്തിറക്കിയത് സാബു.കെ. ജേക്കബിനെ. ബി.ജെ.പിയിൽ നിന്ന് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ എൻ.ഡി.എയ്ക്കായി ട്വന്റി-20 സ്ഥാനാർത്ഥി ജിബി എബ്രഹമാണ് മത്സര രംഗത്ത്.

മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയവർ

(വർഷം, എം.എൽ.എ എന്ന ക്രമത്തിൽ)

1977----ടി.എം. ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്)
1980---- പി.സി. ചാക്കോ (കോൺഗ്രസ്)
1982---- ബെന്നി ബെഹനാൻ (സ്വതന്ത്രൻ)
1987---- ഗോപി കോട്ടമുറിക്കൽ (സി.പി.എം)
1991, 1996, 2001--- ടി.എം. ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്)
2006--- എം.ജെ. ജേക്കബ് (സി.പി.എം)
2011--- ടി.എം. ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്)
2012, 2016, 2021---- അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്)


പിറവം നിയമസഭാമണ്ഡലം

കണയന്നൂർ താലൂക്ക്
ആമ്പല്ലൂർ
എടയ്ക്കാട്ടുവയൽ
ചോറ്റാനിക്കര
മുളന്തുരുത്തി പഞ്ചായത്തുകൾ

മൂവാറ്റുപുഴ താലൂക്ക്
ഇലഞ്ഞി
കൂത്താട്ടുകുളം
മണീട്
പാമ്പാക്കുട
പിറവം
രാമമംഗലം
തിരുമാറാടി പഞ്ചായത്തുകൾ

തൃപ്പൂണിത്തുറ നഗരസഭയുടെ ചില ഭാഗങ്ങളും മണ്ഡലത്തിൽ ഉൾപ്പെടും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PIRAVOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL