
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അലയൊലികൾ വിഷു ആഘോഷത്തെയും ബാധിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെ നാട്ടിലേയ്‌ക്കുള്ള യാത്ര മുടങ്ങിയതും പാചകവാതക ക്ഷാമവും വിഷു ആഘോഷത്തിന് മങ്ങലേൽപ്പിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പച്ചക്കറി ഉൾപ്പെടെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ കടുത്ത മാന്ദ്യമാണ് അനുഭവപ്പെട്ടത്. വിലക്കയറ്റമില്ലെങ്കിലും വിപണി ഉണർന്നിട്ടില്ല.
കൊവിഡ് മഹാമാരിക്കാലത്ത് മാത്രമാണ് സമാനമായ മാന്ദ്യം ഉണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. മുൻകാലങ്ങളിൽ ഓണം, വിഷു ആഘോഷവേളയിൽ പച്ചക്കറി വില കുതിച്ചുയരുന്ന പ്രവണത ശക്തമായിരുന്നു. ഇത്തവണ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാതിരുന്നിട്ടും അതിനനുസരിച്ച വ്യാപാരം നടന്നിട്ടില്ല.
ചെറുനാരങ്ങയ്ക്ക് അല്പം കൂടി
വിഷുവിന് വെള്ളരിയും ഇടിഞ്ചക്കയും സുലഫമാണ്. കണിയൊരുക്കാൻ ഇവ രണ്ടും കൂടിയേതീരു. ഇന്നലെ എറണാകുളം മാർക്കറ്റിൽ കണിവെള്ളരിയുടെ പരമാവധിവില 50 രൂപയായിരുന്നു. ഇടിഞ്ചക്ക പരുവത്തിലുള്ള ലക്ഷണമൊത്തെ പൊട്ടുചക്കയ്ക്ക് മോഹവിലയും. അച്ചിങ്ങ, വെണ്ട, ബീൻസ്, ചെറുനാരങ്ങ എന്നിവയ്ക്ക് മാത്രമാണ് വില അല്പം കൂടിയത്. ചെറുനാരങ്ങയ്ക്ക് വേനൽച്ചൂടാണ് വില്ലനായതെങ്കിൽ അച്ചിങ്ങയും ബീൻസും ആവശ്യത്തിന് എത്താത്തുകൊണ്ടുള്ള ഡിമാൻഡാണ്. വിഷു ആഘോഷത്തിന് അത്ര പ്രസക്തിയില്ലാത്ത ഇനങ്ങളുമാണിവ.
കാറ്ററിംഗ് ഗ്രൂപ്പുകൾ വിട്ടുനിന്നു
റെഡിമെയ്ഡ് സദ്യ ഒരുക്കുന്ന കാറ്ററിംഗ് ഗ്രൂപ്പുകൾ ഇത്തവണ വിട്ടുനിന്നത് പച്ചക്കറി വിപണിക്ക് തിരിച്ചടിയായി. പാചക വാതകക്ഷാമം മൂലം കാറ്ററിംഗ് ഗ്രൂപ്പുകൾ സദ്യ ഒരുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹോട്ടലുകളും പച്ചക്കറി ഉപയോഗം പരമാവധി കുറച്ചു. ഉത്സവസീസണിൽ നാട്ടിലെത്താൻ കാത്തിരുന്ന പ്രവാസികളുടെ യാത്ര മുടങ്ങിയതും വിഷു ആഘോഷത്തെ സാരമായി ബാധിച്ചു.
വിലനിലവാരം (കിലോയ്‌ക്ക് )
അച്ചിങ്ങ (90), വെണ്ട (100), ബീൻസ് (100), ചെറുനാരങ്ങ (180-200), തക്കാളി (50), കാരറ്റ് (60), കാബേജ് (30), ബീറ്റ്റൂട്ട് (40), ഉരുളക്കിഴങ്ങ് (30), ഇഞ്ചി (80), കോവക്ക ( 50), സവാള (25), ചെറു ഉള്ളി (60), പാവയ്ക്ക (60), പീച്ചിങ്ങ (70), കോളി ഫ്ലാവർ (50), വെള്ളരി (50), വെളുത്തുള്ളി (160)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |