SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

എസ്.എസ്.എൽ.സി പരീക്ഷ: ജില്ലയ്ക്ക് 99.61 ശതമാനം വിജയം  വിജയശതമാനത്തിൽ കുറവ്  എ പ്ലസ് നേട്ടത്തിൽ കുറവ്

f

കൊച്ചി: 2026ലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ജില്ലയ്ക്ക് മികച്ച ജയം. ജില്ലയിൽ 99.61 ശതമാനം പേർ ഇത്തവണ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം ഇത് 99.76 ശതമാനമായിരുന്നു. വിജയശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും സംസ്ഥാന ശരാശരിയേക്കാൾ (99.07%) മുന്നിലെത്താൻ ജില്ലയ്ക്കായി. ജില്ലയിൽ ഈ വർഷം ആകെ 30,578 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 30,458 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 32,868 പേർ പരീക്ഷ എഴുതിയ സ്ഥാനത്താണിത്. ഇത്തവണ 120 പേർക്ക് ഉപരിപഠന യോഗ്യത നേടാനായില്ല. കഴിഞ്ഞ വർഷം ഇത് 79 ആയിരുന്നു.

 എ പ്ലസുകാരുടെ എണ്ണം പകുതി

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണ വലിയ കുറവുണ്ടായി. ജില്ലയിൽ ആകെ 2,203 പേർക്കാണ് ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 5,317 ആയിരുന്നു. ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എറണാകുളം റവന്യൂ ജില്ലയിൽ ഫുൾ എ പ്ലസ് നേട്ടത്തിൽ പെൺകുട്ടികൾ ബഹുദൂരം മുന്നിലാണ്. ജില്ലയിൽ ആകെ 2,203 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇതിൽ 1,553പേർ പെൺകുട്ടികളാണ്. ആൺകുട്ടികളിൽ 650 പേർക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണ ജില്ലയിൽ കുറവുണ്ടായിട്ടുണ്ട്. എറണാകുളം വിദ്യാഭ്യാസ ജില്ലയാണ് എ പ്ലസ് നേട്ടത്തിൽ പിന്നിൽ.

മൂവാറ്റുപുഴ മുന്നിൽ

ജില്ലയിലെ വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ മൂവാറ്റുപുഴയാണ് (99.77%) മുന്നിൽ. പരീക്ഷ എഴുതിയ 3,479 പേരിൽ 3,471 പേരും ഇവിടെ വിജയിച്ചു. കോതമംഗലം (99.75%), ആലുവ (99.71%) എന്നിവ തൊട്ടുപിന്നാലെയുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ആലുവയിൽ 11,691 പേരിൽ 11,657 പേർ വിജയിച്ചു. കൂടുതൽ എ പ്ലസുകാരുള്ളതും ആലുവയിലാണ്. (930 പേർ). 99.36 ശതമാനം വിജയം നേടിയ എറണാകുളം വിദ്യാഭ്യാസ ജില്ലയാണ് വിജയശതമാനത്തിൽ ജില്ലയിൽ പിന്നിൽ. ഇവിടെ 10,149 വിദ്യാർത്ഥികളിൽ 10,084 പേർ വിജയിച്ചു.

വിദ്യാഭ്യാസ ജില്ല, ആൺകുട്ടികൾ , പെൺകുട്ടികൾ, ആകെ

ആലുവ 279, 651, 930

എറണാകുളം 160, 408, 568 കോതമംഗലം 105, 248, 353

 മൂവാറ്റുപുഴ 106, 246, 352

 റവന്യൂ ജില്ല ആകെ 650, 1,553, 2,203

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL