കൊച്ചി: വൈറ്റിലയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് നടുത്തുരുത്തി റോഡ് വെളിയത്ത്‌ചിറ വീട്ടിൽ മിഥുൻ പ്രകാശാണ് (34) പനങ്ങാട് പൊലീസിന്റെ പിടിയിലായത്.
സ്വകാര്യബസ് കണ്ടക്ടറായ മിഥുൻ ഒരു മാസം മുമ്പാണ് ഓട്ടോ വാങ്ങിയത്. കഴിഞ്ഞ 25ന് രാത്രി ജോലി കഴിഞ്ഞിറങ്ങിയ യുവതി വൈറ്റില ഭാഗത്ത് വഴിയരികിൽ കിടന്ന മിഥുന്റെ ഓട്ടോയിൽ കയറി പനങ്ങാടുള്ള വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഓട്ടത്തിനിടെ വഴിതെറ്റിച്ച് പനങ്ങാട് നടുത്തുരുത്തി ഭാഗത്തെ പുഴയുടെ തീരത്ത് കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ഉച്ചത്തിൽ ബഹളം കൂട്ടിയതോടെ മറ്റൊരു ഭാഗത്ത് ഇറക്കി വിട്ട ശേഷം ഓട്ടോയുമായി പ്രതി കടന്നു.
പരാതി നൽകാൻ യുവതി ആദ്യം ഭയപ്പെട്ടെങ്കിലും വീട്ടുകാരും സഹപ്രവർത്തകരും ധൈര്യം പകർന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. സംഭവ ശേഷം ഇടുക്കി അടിമാലിയിൽ ഒളിവിലായിരുന്ന മിഥുൻ പിന്നീട് വൈപ്പിനിലെത്തി. ഇന്നലെ ചിറ്റൂർ ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ വിമൽ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, റെജീഷ് ഉപേന്ദ്രൻ, സൈജു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോയും പിടിച്ചെടുത്തു. നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഇയാൾ ലഹരിമരുന്നും ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |