SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

 ജി. ഫോം നൽകി 30ലേറെ ബസുകൾ പണികിട്ടിയത് ഗ്രാമീണ റൂട്ടുകളിൽ

bus

കൊച്ചി: കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ജില്ലയിലെ ഗ്രാമീണ മേഖലകളിലെ സ്വകാര്യ ബസ് സർവീസിനെ പ്രതിസന്ധിയിലാക്കുന്നു. വരുമാന നഷ്ടം സഹിക്കാനാവാതെ വിവിധ റൂട്ടുകളിലോടുന്ന മുപ്പതിലധികം ബസുകൾ ഇതിനകം സർവീസ് താത്കാലികമായി അവസാനിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ മുടങ്ങുമെന്ന ആശങ്കയിലാണ് യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ ജനത.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബസുടമകൾ മോട്ടോർ വാഹന വകുപ്പിന് സർവീസ് നിർത്തലാക്കുന്നതിനുള്ള 'ജി ഫോം' സമർപ്പിച്ചു വരികയാണ്. അതേസമയം, നഗരപ്രദേശങ്ങളിലെ സർവീസുകളെ പ്രിയദർശിനി പദ്ധതി കാര്യമായി ബാധിച്ചിട്ടില്ല. ഇൻഷുറൻസ് തുക, നികുതി, കനത്ത അറ്റകുറ്റപ്പണി ചെലവുകൾ എന്നിവയ്ക്ക് പുറമേയാണ് പുതിയ വരുമാന നഷ്ടം.

ദിവസേനയുള്ള ഡീസൽ ചെലവിനുള്ള തുകയോ ജീവനക്കാരുടെ ശമ്പളമോ പോലും ടിക്കറ്റ് കളക്ഷനിൽ നിന്ന് ലഭിക്കുന്നില്ലെന്നും നഷ്ടം സഹിച്ച് സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ബസുടമകൾ പറയുന്നു. കെ.എസ്.ആർ.ടി.സി. സൗകര്യമില്ലാത്ത ഉൾപ്രദേശങ്ങളിലെ യാത്രക്കാർ ബസ് സർവീസുകൾ മുടങ്ങുന്നതോടെ കടുത്ത യാത്രാദുരിതത്തിലാകും. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും ആവശ്യം.

പ്രതിദിന നഷ്ടം ₹4000 വരെ

ഗ്രാമപ്രദേശങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലാണ് ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തുന്നത്. പറവൂർ, അങ്കമാലി, പെരുമ്പാവൂർ, ആലുവ, കാലടി, മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം, പിറവം എന്നിവിടങ്ങളിലെല്ലാം പ്രതിദിനം വൻ നഷ്ടത്തിലാണ് ബസുകൾ സർവീസ് അവസാനിപ്പിക്കുന്നത്. നഗരത്തിൽ സർവീസ് നടത്തുന്ന കാക്കനാട് റൂട്ടിലെ ബസുകൾക്ക് പ്രിയദർശിനി തിരിച്ചടിയായിട്ടുണ്ട്.

ഗ്രാമീണ മേഖലകളിൽ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന ഭൂരിഭാഗം സ്ത്രീയാത്രക്കാരും കെ.എസ്.ആർ.ടി.സി. ബസുകളിലേക്ക് മാറി. ഇതോടെ സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനത്തിൽ 1,000 രൂപ മുതൽ 4,000 രൂപ വരെയാണ് ഇടിവുണ്ടായിരിക്കുന്നത്.

 ജില്ലയിൽ പണിമുടക്കില്ല
സ്വകാര്യ ബസ് പണിമുടക്കിൽ നിന്ന് എറണാകുളം ജില്ലയെ ഒഴിവാക്കിയതായി സൂചന. നാളെയാണ് ബസ് ഉടമകളുടെ സംഘടന സംസ്ഥാന വ്യാപക പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാൽ എറണാകുളത്ത് മെട്രോ സൗകര്യമടക്കമുള്ളതിനാൽ സമരം കൊണ്ട് ഗുണമുണ്ടാകില്ലെന്നാണ് ജില്ലയിലെ ബസ് ഉടമകളുടെ പൊതുവിലയിരുത്തൽ. കഴിഞ്ഞ ദിവസം കാസർകോട് പണിമുടക്ക് നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL