കൊച്ചി: എറണാകുളത്തെ പ്രശസ്ത ആശുപത്രിയുടെ ഹെൽപ്പ്ലൈൻ നമ്പരിൽ നിരന്തരം വിളിച്ച് ടെലഫോൺ ഓപ്പറേറ്റിംഗ് സംവിധാനത്തിലെ ജീവനക്കാരികളെ അസഭ്യം പറയുന്ന യുവാവിനെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ മേൽനോട്ടച്ചുമതലയുള്ള മുതിർന്ന വനിത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് വിളിച്ച് പരാതിപ്പെട്ടതോടെ ശനിയാഴ്ചയാണ് കേസെടുത്തത്. മാഹി സ്വദേശി ഷാജിയാണ് നിരന്തരം ഫോണിൽ വിളിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.
ആശുപത്രിയിലേക്കുള്ള ആറക്ക ഹെൽപ്പ്-ലൈൻ നമ്പരിലെത്തുന്ന കോളുകൾ സ്വീകരിക്കാൻ ഓപ്പറേറ്റിംഗ് സംവിധാനത്തിൽ 20 ജീവനക്കാരികളുണ്ട്. ഇവർ ഊഴം വെച്ചാണ് ജോലി ചെയ്യുന്നത്. ദിവസവും രാത്രി 10 കഴിയുന്നതോടെ മാഹി ഷാജിയുടെ ഫോൺ വിളി വരും. ‘എന്താ ഫോണെടുക്കാത്തത്. ഞാൻ ഷാജിയാണ്’ എന്ന സ്ഥിരം സംഭാഷണത്തിന്റെ തുടക്കവും ഒടുക്കവും അസഭ്യവർഷമാണ്. ഫോൺ കട്ട് ചെയ്താൽ പിന്നെയും വിളിവരും. ഏതാണ്ട് അർദ്ധരാത്രി വരെ തുടരും. ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാഹി ഷാജിയുടെ തെറിവിളിയും ഭീഷണിയും കേൾക്കാത്ത വനിതകൾ ചുരുക്കം.
ഇടക്കാലത്ത് 6 മാസം ഷാജി ‘ഓഫെ’ടുത്തത് ഒഴിച്ചാൽ 3 കൊല്ലമായി ഇത് തുടർക്കഥയാണ്.
പൊലീസിനോട് തട്ടിക്കയറി ഷാജി
മുളവുകാട് സ്വദേശിയായ ജീവനക്കാരിയുടെ മൊഴിയിലാണ് കേസെടുത്തത്. സൈബർസെല്ലിന്റെ അന്വേഷണത്തിൽ 510, 610 നമ്പരുകളിൽ അവസാനിക്കുന്ന രണ്ട് മൊബൈൽ ഫോൺ നമ്പരുകളിൽ നിന്നാണ് കോളുകൾ വരുന്നതെന്ന് കണ്ടെത്തി. കേന്ദ്രഭരണ പ്രദേശമായ മാഹിയാണ് കോളുകളുടെ ‘പ്രഭവകേന്ദ്ര’മെന്നും സ്ഥിരീകരിച്ചു.
ഇതേനമ്പരുകളിൽ ചേരാനല്ലൂർ പൊലീസ് വിളിച്ചപ്പോൾ മാഹി ഷാജി ഫോണെടുത്ത് സംസാരിച്ചു. മറുതലക്കൽ പൊലീസാണെന്ന് അറിഞ്ഞിട്ടും ഇയാൾക്ക് കുലുക്കമുണ്ടായില്ല.
സ്ത്രീകളോട് സംസാരിക്കുന്ന അതേ രീതിയിലായിരുന്നു പ്രതികരണം. സംഭാഷണത്തിൽ വടക്കൻ ചുവയുണ്ട്. ബെല്ലും ബ്രേക്കുമില്ലാത്ത രീതിയാണ്. ഷാജി എന്ന പേര് വ്യാജമാണോ എന്നതിലടക്കം അന്വേഷണം തുടരുന്നു. എറണാകുളത്തെ ആശുപത്രിയെ ലക്ഷ്യമിടാനുള്ള കാരണവും അന്വേഷിക്കു. പോണ്ടിച്ചേരി പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടാൻ ശ്രമം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |