SignIn
Kerala Kaumudi Online
Thursday, 06 August 2026 3.20 AM IST

ജീവൻ കാക്കാൻ പ്രഥമശുശ്രൂഷ, ഒഴിവാക്കാം മുങ്ങിമരണങ്ങൾ

drjohn

കൊച്ചി: പ്രളയത്തിലും അല്ലാതെയും മുങ്ങിമരണ അപകടങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുന്നത് ഒഴിവാക്കാൻ അടിയന്തര പ്രഥമശുശ്രൂഷയ്‌ക്ക് (ഫസ്റ്റ് എയ്ഡ്) പ്രാധാന്യം നൽകണമെന്ന് വിദഗ്ദ്ധർ.

മുങ്ങിമരണങ്ങളിലെ ഇരകളിലേറെയും കുട്ടികളും യുവാക്കളുമാണ്. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുക, അടിയൊഴുക്ക് അറിയാതിരിക്കുക, ആഴങ്ങളിലേക്ക് ഇറങ്ങുക എന്നിവയാണ് പ്രധാന അപകടകാരണങ്ങൾ. അപകടം നടന്ന് മിനിറ്റുകൾക്കകം കൃത്യമായ പ്രഥമശുശ്രൂഷ നൽകിയാൽ ജീവൻ തിരിച്ചുപിടിക്കാനാവും.

വെള്ളത്തിൽ മുങ്ങുമ്പോൾ ശ്വാസകോശത്തിലേക്ക് വെള്ളം കയറുന്നു. ഓക്സിജൻ ലഭ്യത നിലയ്ക്കുന്നു. തലച്ചോറിലേക്കുള്ള ഓക്സിജൻ 4 മുതൽ 6 മിനിറ്റിലധികം തടസപ്പെട്ടാൽ മരണം സംഭവിക്കാം. തലച്ചോറിന് കേടുപാടുണ്ടാകാം. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് നൽകുന്ന ജീവൻരക്ഷാ പ്രക്രിയ നിർണായകമാണ്.

ശാസ്ത്രീയ രീതി

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത്. വടി, കയർ, തുടങ്ങിയവ എറിഞ്ഞുകൊടുത്ത് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുക

ബോധം എത്രത്തോളമുണ്ടെന്ന് നോക്കുക. തറയിൽ മലർത്തിക്കിടത്തി ചുമലിൽത്തട്ടി വിളിക്കുക. ശ്വാസം, നെഞ്ചിന്റെ ചലനം എന്നിവ പരിശോധിക്കുക. ആംബുലൻസ് (108) സേവനം ഉറപ്പാക്കുക

തല അല്പം പുറകിലേക്ക് മാറ്റി, താടി ഉയർത്തി, മൂക്ക് വിരലുകൾ കൊണ്ട് അടച്ചുപിടിച്ചശേഷം വായ ചേർത്ത് 5 തവണ കൃത്രിമശ്വാസം നൽകുക

പ്രതികരണമില്ലെങ്കിൽ നെഞ്ചിന്റെ മദ്ധ്യഭാഗത്തായി കൈകൾ കോർത്തുപിടിച്ച് ശക്തമായി അമർത്തുക. 30 തവണ നെഞ്ചിൽ അമർത്തുമ്പോൾ 2 തവണ കൃത്രിമശ്വാസം ആവർത്തിക്കുക

ആംബുലൻസ് വരുന്നതുവരെയോ ജീവന്റെ ലക്ഷണങ്ങൾ കാണുന്നതുവരെയോ തുടരണം

അരുതാത്തത്

വെള്ളത്തിൽ മുങ്ങിയയാളുടെ വയറ്റിൽ അമർത്തി വെള്ളം ഛർദ്ദിപ്പിക്കരുത്

കുട്ടികളെ കാലിൽ പിടിച്ച് തലകീഴായി തൂക്കി വെള്ളം കളയാൻ ശ്രമിക്കരുത്

ബോധമില്ലാത്തയാളുടെ വായിൽ വെള്ളമോ മറ്റ് പാനീയങ്ങളോ ഒഴിക്കരുത്

സി.പി.ആർ നൽകുമ്പോൾ വയറിലോ വാരിയെല്ലുകളിലോ അമർത്തരുത്

വെള്ളത്തിൽ നിന്ന് കയറ്റിയാൽ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ശരീരം ഉണക്കണം

അപകടം കണ്ടാൽ മറ്റുള്ളവരെ വിളിക്കുകയും ആംബുലൻസിൽ വിവരമറിയിക്കുകയും ചെയ്യണം

കൃത്രിമ ശ്വാസത്തിലൂടെയോ സി.പി.ആറിലൂടെയോ ബോധം തിരികെ കിട്ടിയാലും നടക്കാനോ ഓടാനോ അനുവദിക്കരുത്

ഒരുവശത്തേക്ക് ചരിച്ചു കിടത്തി ആശുപത്രിയിൽ എത്തിക്കുക

വിവരങ്ങൾ നൽകിയത്:

ഡോ. ജോൺസൺ കെ. വർഗീസ്

എമർജൻസി മെഡിസിൻ മേധാവി

ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, EMERGENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL