SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

കൂത്തരങ്ങുകൾ കീഴടക്കി തോൽപ്പാവകൾ 

Increase Font Size Decrease Font Size Print Page
tholpava

കൊച്ചി: അന്യംനിന്നു പോകുമെന്ന് കരുതിയിരുന്ന തോൽപ്പാവക്കൂത്ത് പുതിയ അരങ്ങുകളിലേക്ക്. പാലക്കാടൻ ഗ്രാമങ്ങളിൽ ഒതുങ്ങിനിന്ന ഈ പ്രാചീന കലാരൂപത്തിന് തെക്കൻ ജില്ലകളിലടക്കം സ്വീകാര്യതയേറുന്നു. മട്ടാഞ്ചേരി തിരുമല വെങ്കിടാചലപതി ക്ഷേത്രത്തിൽ 17ന് സമ്പൂർണ രാമായണം അവതരിപ്പിക്കും. ഇവിടെ രണ്ടുവർഷം മുൻപ് അവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകാര്യതയാണ് വീണ്ടും അരങ്ങൊരുക്കാൻ കാരണമായത്. ഒന്നര മണിക്കൂർ നീളുന്ന പരിപാടിയിൽ 15 കലാകാരന്മാർ അണിനിരക്കും. കൊച്ചി ബിനാലെയിലും തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചിരുന്നു.

പഴമയും പുതുമയും വർത്തമാനകാല സംഭവങ്ങളും കോർത്തിണക്കിയുള്ള അവതരണം ശ്രദ്ധേയമാണ്. കമ്പരാമായണത്തെ അടിസ്ഥാനമാക്കി ചെന്തമിഴിൽ അവതരിപ്പിച്ചിരുന്ന കൂത്ത്, സ്ത്രീസമത്വം, കൊവിഡ് ബോധവത്കരണം, ഗാന്ധിജിയുടെയും യേശുക്രിസ്തുവിന്റെയും ജീവിതം തുടങ്ങിയ പുതിയ പ്രമേയങ്ങളിലേക്കും പരിവർത്തനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഒരുക്കി മറുനാടുകളിലും അവതരിപ്പിച്ചുവരുന്നു. ജനുവരി മുതൽ മേയ് വരെയാണ് തോൽപ്പാവക്കൂത്തിന്റെ സീസൺ. 28ന് പാലക്കാട് കരിപ്പോട് ദേവീക്ഷേത്രത്തിലാണ് ഈ വർഷത്തെ അവസാനക്ഷേത്രപരിപാടി.

താളമേളങ്ങളിൽ

ആറാടി നിഴൽരൂപങ്ങൾ

മൃഗത്തോൽ കൊണ്ടുള്ള പാവകൾ നിഴൽരൂപങ്ങളായി തിരശീലയിൽ എത്തുന്നു. തിരശീലയ്ക്ക് പിന്നിൽ നിരത്തിവച്ച 21 തേങ്ങാമുറികളിൽ (തേങ്ങയ്ക്ക് പകരം ചെറുപാത്രങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നു) വെളിച്ചെണ്ണയൊഴിച്ച് തിരിതെളിച്ചാണ് നിഴൽരൂപങ്ങൾ സൃഷ്ടിക്കുക. പാട്ടിനൊപ്പം കലാകാരൻ കൈകൾ ചലിപ്പിക്കുമ്പോൾ രൂപങ്ങൾക്ക് ജീവൻ വയ്ക്കും. ചെണ്ട, എഴുപറ, ഇലത്താളം, ചിലങ്ക, ശങ്ക്, കുഴൽ, ഇടയ്ക്ക എന്നിവയുടെ അകമ്പടിമേളമുണ്ടാകും. പ്രത്യേക ലൈറ്റിംഗ് ഇഫക്ട് വേണ്ടിവരുമ്പോൾ തിരിനാളങ്ങളിലേക്ക് തെള്ളിപ്പൊടി എറിയും. പർവ്വതം, സമുദ്രം, വൃക്ഷങ്ങൾ എന്നിങ്ങനെ ഓരോ ദൃശ്യവും ആവിഷ്കരിക്കാൻ പ്രത്യേക രൂപങ്ങളുണ്ട്.

തങ്ങളുടെ കൈവശം 160ലേറെ പാവകളുണ്ടെന്ന് തോൽപ്പാവക്കൂത്ത് ആചാര്യൻ രാമചന്ദ്ര പുലവരുടെ മകനും കലാകാരനുമായ രാജീവ് പുലവർ പറഞ്ഞു. ജർമ്മനി, ഫ്രാൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒട്ടേറെ ആസ്വാദകരുണ്ട്. അവിടെനിന്നുള്ള കുട്ടികൾ പഠിക്കാനുമെത്തുന്നു.

ചോളസാമ്രാജ്യത്തിലെ ആസ്ഥാന പണ്ഡിതരും ഉപദേശകരുമായിരുന്നു പുലവർ വിഭാഗം. തോൽപ്പാവക്കൂത്ത് പഠിച്ച എല്ലാ സമുദായക്കാർക്കും പണ്ഡിതനെന്ന് അർത്ഥമുള്ള പുലവർസ്ഥാനം നല്കുന്നു.

രാജീവ് പുലവർ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL