
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരും ഉദുമയിൽ ബി.പി.പ്രദീപ് കുമാറും പട്ടികയിൽ
കാസർകോട്:ജില്ലയിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലും രണ്ടാംഘട്ടത്തിൽ നേതൃത്വം നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ കാസർകോട് ഡി.സി.സിയിൽ കലാപക്കൊടി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെയും ഉദുമയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാറിനെയും നിശ്ചയിച്ചുള്ള പട്ടികക്കെതിരെയാണ് ജില്ലയിലെ മുതിർന്ന നേതാക്കൾ തന്നെ വൻപ്രതിഷേധം ഉയർത്തിയിരിക്കുന്നത്.
കാഞ്ഞങ്ങാട് നിയോജകമണ്ഡലം കേരള കോൺഗ്രസിന് വിട്ടുകൊടുത്തതിൽ ഡി.സി.സിയിലെ മുതിർന്ന നേതാക്കൾ കടുത്ത അമർഷം രേഖപ്പെടുത്തിയ ഘട്ടത്തിലാണ് രണ്ടാംഘട്ടത്തിൽ സന്ദീപ് വാര്യരുടേയും വി.പി.പ്രദീപ് കുമാറിന്റെയും പേരുകൾ നേതൃത്വം പട്ടികയിൽ ഉൾപ്പെടുത്തിയത്. തൃക്കരിപ്പൂരിൽ ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസലിന്റെയും ഉദുമയിൽ കെ.പി സി സി സെക്രട്ടറി കെ.നീലകണ്ഠന്റെയും സ്ഥാനാർത്ഥിത്വം അവസാനഘട്ടത്തിൽ മാറിയത് ചില ഉന്നത നേതാക്കളുടെ ഇടപെടലിലാണെന്ന ആരോപണവും പ്രതിഷേധമുയർത്തുന്നവർ ഉന്നയിക്കുന്നു.
കാഞ്ഞങ്ങാട് മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയ സാഹചര്യത്തിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ അവശേഷിച്ചിരുന്നത് ഉദുമയും തൃക്കരിപ്പൂരുമായിരുന്നു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തും പുറത്തുനിന്നുള്ള നേതാക്കളാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാകുന്നത്.
കാലങ്ങളായി പണിയെടുക്കുന്നു; തങ്ങൾ ഇനി എവിടെ പോകണം
പലവിധ എതിർപ്പുകളും ഏറ്റുവാങ്ങി കാലങ്ങളായി കോൺഗ്രസിന് വേണ്ടി പണിയെടുത്ത തങ്ങൾ പിന്നെ എവിടെയാണ് പോകേണ്ടതെന്നാണ് തൃക്കരിപ്പൂർ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് പൊട്ടിത്തെറിച്ചത്.
പുതുതായി സ്ഥാനാർത്ഥിയുടെ വേഷം കെട്ടിയിറക്കുന്നവർ എവിടെ പോയി വോട്ട് ക്യാൻവാസ് ചെയ്യുമെന്നും ഇദ്ദേഹം ചോദിച്ചു. 'ഉദുമയിൽ നിശ്ചയിച്ച സ്ഥാനാർത്ഥിയെ പെരിയയിലും കല്ല്യോട്ടും അറിയും. മറ്റാരോട് ചോദിച്ചാലും അറിയില്ല എന്നാണ് പറയുക. ഒരു വോട്ടും പുതുതായി ക്യാൻവാസ് ചെയ്യാൻ കഴിയില്ല.- മുതിർന്ന മറ്റൊരു ഡി.സി.സി ഭാരവാഹിയുടെ പ്രതികരണം ഇങ്ങനെ.
നേതൃത്വം ചെവിക്കൊണ്ടില്ലെന്ന് പരിദേവനം
തൃക്കരിപ്പൂരിൽ വി.പി.പി മുസ്തഫക്കെതിരെ പി.കെ.ഫൈസൽ മത്സരിക്കുന്നത് മുന്നണിക്ക് ഗുണകരമാകുമെന്ന് നേതൃത്വത്തെ നല്ലതുപോലെ ധരിപ്പിച്ചതാണെന്ന് പ്രതിഷേധവുമായി രംഗത്തുള്ളവർ പറയുന്നു.
കാസർകോടിനെ കോൺഗ്രസിന്റെ 'വെയ്സ്റ്റ് ബിൻ' ആക്കുന്നുവെന്നാണ് മണ്ഡലത്തിലെ ഒരു കോൺഗ്രസ് നേതാവ് തുറന്നടിച്ചത്. ഉദുമയിൽ കെ.നീലകണ്ഠനെ പരിഗണിക്കാൻ വേണ്ടി ഡി.സി സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ മാറിനിന്നതാണ്.നീലകണ്ഠനുള്ള ബന്ധവും വ്യക്തിപ്രഭാവവും സാമുദായിക ശക്തിയും വോട്ടായാൽ അട്ടിമറി സാദ്ധ്യതയുണ്ടെന്നായിരുന്നു ഡി.സി.സി നേതൃത്വത്തെ അറിയിച്ചത്.ജില്ലയിലെ മുതിർന്ന നേതാക്കളെ കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |