തലശേരി: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളൊന്നും വിശ്വസിക്കാനാവില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. ആദ്യമായി ഗ്യാരണ്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച ഗ്യാരണ്ടിയിൽ ഒരു നയാപൈസ നൽകാത്ത തെലങ്കാന മുഖ്യമന്ത്രിയാണ് കേരളത്തിലെ യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കിയതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തലശേരി പുതിയബസ് സ്‌റ്റാൻഡ്, ചെറുകുന്ന്‌തറ, മാതമംഗലം എന്നിവിടങ്ങളിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദൽ നയങ്ങളും ക്ഷേമ–വികസന കാഴ്‌ചപ്പാടുമാണ് എൽ.ഡി.എഫ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം മനസ്സിലാക്കാതെയാണ് രാഹുൽ ഗാന്ധി സി.പി.എം–ബി.ജെ.പി ഡീൽ ആരോപണം ഉന്നയിക്കുന്നത്. കേരളത്തിൽ ആർ.എസ്.എസ്–ബി.ജെ.പി മുന്നേറ്റത്തെ തടയുന്നത് സി.പി.എമ്മിന്റെ സാന്നിദ്ധ്യമാണ്. സംഘ്‌പരിവാർ രാഷ്‌ട്രീയത്തെ പ്രതിരോധിച്ച നൂറുകണക്കിന് സഖാക്കളെയാണ് അവർ കൊലപ്പെടുത്തിയത്. കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനെയും ആർ.എസ്.എസ് പ്രചാരകായ മോദിയെയും രാഹുൽ ഗാന്ധി തുലനം ചെയ്യുന്നതും ചരിത്രബോധമില്ലാത്തതിനാലാണ്.
കോൺഗ്രസ് ഉപമുഖ്യമന്ത്രിയായിരുന്ന ഹിമന്ദ് ബിശ്വശർമയാണ് ആസാമിൽ ബി.ജെ.പി മുഖ്യമന്ത്രി. കോൺഗ്രസ് മന്ത്രിസഭയിലെ മൂന്ന് പേർ ബി.ജെ.പി സർക്കാറിലും മന്ത്രിമാരാണ്. മൂന്ന് മുൻ പി.സി.സി പ്രസിഡന്റുമാർ ബി.ജെ.പിയിലെത്തി. ആസാമിൽ കോൺഗ്രസ് –ബി.ജെ.പി ഡീൽ എന്ന് രാഹുൽ ഗാന്ധി പറയുമോ. ബി.ജെ.പിയിലേക്ക് ആളെ സപ്ലൈ ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാറും ചേർന്ന് നടപ്പാക്കിയ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം പിണറായി വിജയനും എൽ.ഡി.എഫും നടപ്പാക്കിയതാണെന്ന് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവരാണ് യു.ഡി.എഫ്. വർഗീയ കലാപങ്ങളില്ലാത്ത നാടാക്കി കേരളത്തെ നിലനിർത്താൻ എൽ.ഡി.എഫ് തുടർന്നും അധികാരത്തിലെത്തണമെന്നും പ്രകാശ് കരാട്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |