അഴീക്കോട്: കൂടെ കളിക്കാനെത്തിയ സഹോദരന്റെ മരണത്തിന് കാരണമായ സംഭവത്തിൽ ഞെട്ടൽ മാറാതെ അൻഫാൽ. തന്റെ അനുജൻ മുഖത്തു നിന്നും ചോരയൊലിച്ചു വെള്ളത്തിൽ വീണു കിടക്കുന്ന കാഴ്ച ആ കുഞ്ഞു മനസിനെ അത്രയും ഭീതിപ്പെടുത്തിയിരുന്നു. പൊട്ടിത്തെറി കേട്ട് ചുറ്റിലുമുള്ള സ്ത്രീകൾ ഉൾപ്പെടെ ഭയന്ന് നിലവിളിക്കുകയായിരുന്നു. ഇതിനിടെയാണ് ഫയർഫോഴ്സിൽ നിന്നും വിരമിച്ച മുസ്തഫ കുട്ടിയെ വാരിയെടുത്ത് റോഡിൽ എത്തിച്ചത്.
അതുവഴി സ്കൂട്ടറിൽ തൊട്ടടുത്ത കടയിലേക്ക് പോവുകയായിരുന്ന മത്സ്യത്തൊഴിലാളിയായ പി.വി പ്രശാന്താണ് ഉടനെ കുട്ടിയെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്ത്. വൻകുളത്ത് വയൽ എത്തിയപ്പോൾ ആംബുലൻസിലേക്ക് മാറ്റി ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു. സമീപത്തെ കുട്ടികൾ സ്ഥിരമായി ഫുട്ബാൾ കളിക്കുന്ന ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം. കളിക്കാനെത്തിയ കുട്ടികൾ ശേഖരിച്ച പടക്കം അപകടകരമാം വിധം കൈകാര്യം ചെയ്തതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഗ്രൗണ്ടിൽ അപകടം നടന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയാണ്. കുട്ടികളുടെ ചെരിപ്പും ഗ്രൗണ്ടിൽ കിടപ്പുണ്ട്. രണ്ട് ഫുട്ബാളും ഗ്രൗണ്ടിൽ കിടപ്പുണ്ടായിരുന്നു.
സ്ഥലം നിയുക്ത എം.എൽ.എ കെ.വി സുമേഷ് സ്ഥലം സന്ദർശിച്ചു. സംഭവമറിഞ്ഞ് പല ഭാഗങ്ങളിൽ നിന്നും ആളുകൾ അപകടം നടന്ന പുന്നക്കപ്പാറയിലും കുട്ടിയെ എത്തിച്ച ജില്ലാ ആശുപത്രിയിലും എത്തിയിരുന്നു. സമീപത്തെ വീടുകളിലുള്ളവർ ഇപ്പോഴും ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |