SignIn
Kerala Kaumudi Online
Monday, 01 June 2026 5.04 AM IST

വോട്ട് അട്ടിമറി: പയ്യന്നൂരിൽ സംഘടനാ നടപടി ഉറപ്പ്

cpm
സി.പി.എം

കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി ടി.ഐ മധുസൂദനൻ പരാജയപ്പെട്ടതിന് പിന്നിൽ പാർട്ടി നേതാക്കൾ തന്നെ വോട്ട് അട്ടിമറിച്ചതാണെന്ന് ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തൽ. പാർട്ടി ചുമതലകൾ വഹിക്കുന്ന നേതാക്കൾ തന്നെയാണ് വോട്ട് ചോർച്ചയ്ക്ക് പിന്നിലെന്നും കണ്ടെത്തി.

ലോക്കൽ സെക്രട്ടറിമാരടക്കമുള്ളവരാണ് വോട്ട് അട്ടിമറിക്കാനുള്ള രഹസ്യ നീക്കങ്ങൾക്ക് നേതൃത്വം നടത്തിയെന്നതിന് തെളിവുകൾ ലഭിച്ചതോടെ ഔദ്യോഗികമായി അന്വേഷണം നടത്തുകയായിരുന്നു. സംസ്ഥാന കമ്മിറ്റി റിവ്യൂവിന് ശേഷം നടപടി ഉറപ്പാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.
പാർട്ടി അനുഭാവിയായ വോട്ടറെ ഫോണിൽ വിളിച്ച് വിമത സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന് വോട്ട് ചെയ്യണമെന്നും ഈ ഫോൺ കോൾ രഹസ്യമാക്കണമെന്നും ലോക്കൽ സെക്രട്ടറി ആവശ്യപ്പെട്ടതിന് തെളിവുകൾ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ചില വോട്ടർമാർ തന്നെ ജില്ലാ കമ്മിറ്റി അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജില്ലാ നേതൃത്വത്തിന് വോട്ടട്ടിമറി ബോധ്യപ്പെട്ടത്.

നേരത്തേ ഒരാളെ പുറത്താക്കി;

ഇനിയും നടപടി വരും
കുഞ്ഞികൃഷ്ണനു വേണ്ടി പ്രവർത്തിച്ചുവെന്ന് കണ്ടെത്തി നേരത്തേ തന്നെ പയ്യന്നൂർ എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗം ടി. പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ബൂത്ത് സെക്രട്ടറിമാരായി പ്രവർത്തിച്ച അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി ഉറപ്പിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കുഞ്ഞികൃഷ്ണനെ സഹായിക്കാൻ രൂപീകരിച്ചതും ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്.


പരാജയം തിരിച്ചടി
യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വിമത സ്ഥാനാർത്ഥി കുഞ്ഞികൃഷ്ണനോട് ഔദ്യോഗിക സ്ഥാനാർത്ഥി മധുസൂദനൻ പരാജയപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയാണ്. പരാജയത്തെ തുടർന്ന് ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെയല്ല, പ്രസ്ഥാനത്തെയാണ് എന്ന സന്ദേശവും ബോർഡുകളിൽ ഉണ്ടായിരുന്നു. ഏരിയ സെക്രട്ടറി പി. സന്തോഷ്, മുൻ എം.എൽ.എ സി. കൃഷ്ണൻ, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെ പരസ്യമായി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL