
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക് വേണ്ട. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര ഏജൻസികളെ ആയുധവത്കരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരിക തന്നെ ചെയ്യുമെന്നും സിപിഎം സെക്രട്ടറിയേറ്റ് അറിയിച്ചു.
പിണറായിയെ വേട്ടയാടുന്നതിൽ ബി.ജെ.പിക്ക് കോൺഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരമായി കേരളത്തിൽ വന്നു പ്രസംഗിച്ചത്, എന്തുകൊണ്ട് പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികൾ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന് നേരെ കോൺഗ്രസ് പിന്തുണയോടെ ബി.ജെ.പിയും, കേന്ദ്ര ഏജൻസികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന് സമാനമായിരുന്നു.
പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാകാലം മുതൽ അദ്ദേഹത്തിന് നേർക്ക് നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ് ഇത്. ആ നീക്കങ്ങളെ തകർത്ത് മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന് ഉറപ്പാണ്.
സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഏത് കേസും ഏത് രൂപത്തിൽ വേണമെങ്കിലും അന്വേഷിക്കുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ, രാഷ്ട്രീയ പ്രേരണയോടെയാണ് നിരന്തരമായ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് ഉന്നത കോടതികളിൽ പോലും വെളിപ്പെട്ടതാണ്. വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത് പറഞ്ഞതാണ്. അതേസമയം, ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായ രണ്ട് പേര് സി.എം.ആർ.എല്ലിൽ നിന്ന് പണം പറ്റിയെന്ന് ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, അവരും സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും ഇവർക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |