
കണ്ണൂർ: മഴക്കാലം തുടങ്ങിയതോടെ വാഹനപകടങ്ങളുടെ തോത് വർദ്ധിച്ചിട്ടും കണ്ണൂർ നഗരത്തിലെ സീബ്രാലൈനുകൾ മാഞ്ഞുതന്നെ.സീബ്ര ലൈനുകൾ അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് കാൾടെക്സ് സിഗ്നൽ ,പഴയ ബസ് സ്റ്റാൻഡ് ,തെക്കീ ബസാർ പ്ലാസ,പുതിയ ബസ് സ്റ്റാൻഡ് ,പുതിയതെരു.പള്ളിക്കുന്ന്, താണ ,ജെ.എസ് പോൾ കോർണർ, പയ്യാമ്പലം ബീച്ച് റോഡ്, ഉർസുലിൻ സ്‌കൂൾ, ദേവത്താർക്കണ്ടി സ്‌കൂൾ തുടങ്ങിയ തിരക്കേറിയ നിരത്തുകളിലെ സിബ്രാലൈനുകൾ മാഞ്ഞുകിടക്കുന്നത്.
പലയിടത്തും സൂക്ഷിച്ചുനോക്കിയാൽ മാത്രമേ സീബ്രാലൈനുകൾ കാണുന്നുള്ളു.വാഹനങ്ങൾ ഇരമ്പുന്ന റോഡിൽ എവിടെ വച്ച് ക്രോസ് ചെയ്യുമെന്ന ആശങ്കയിലാണ് മിക്കപ്പോഴും കാൽനടയാത്രികർ.പൊലീസ് സഹായമില്ലാത്ത ഇടങ്ങളിലാണ് ഈ ദുരിതകാഴ്ച കൂടുതലും.മഴവെള്ളം കയറി റോഡുകൾ വ്യക്തമല്ലാതാകുന്നതും വലിയ ആശയക്കുഴപ്പമുണ്ടാന്നുണ്ട്.
കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കാൽനടയാത്രക്കാരൻ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കഷ്ടിച്ചാണ് വാഹനമിടിക്കാതെ രക്ഷപ്പെട്ടത്.വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് നഗരത്തിലെ റോഡ് അപകടകരമായ മുറിച്ചുകടക്കുന്നത്. ചിലയിടങ്ങളിൽ പൊലീസ് ഇടപെട്ട് ആളുകളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നത് ആശ്വാസകരമാണ്.
വരയ്ക്കും മുമ്പെ മായുന്നു
നഗരത്തിൽ നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിച്ചാണ് സീബ്ര ലൈൻ വരക്കുന്നതെന്ന പരാതി നേരത്തെ തന്നെയുണ്ട്.
മഴയത്ത് റോഡുകളിൽ ഗ്രിപ്പ് കിട്ടാതാവുന്നതോടെ പെട്ടെന്ന് ബ്രേക്കിട്ടാൽ വാഹനങ്ങൾ തെന്നിമാറാൻ സാദ്ധ്യതയുണ്ട്.
തിരക്കേറിയ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി സീബ്രാ ലൈനുകൾ രേഖപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമാണെന്നും കോർപറേഷൻ ജാഗ്രത പുലർത്തണമെന്നും നേരത്തെ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു.
അരക്ഷിതമായി സുരക്ഷിത ഇടം
ട്രാഫിക് നിയമങ്ങൾ അനുസരിച്ച് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഏറ്റവും സുരക്ഷിതമായ ഇടമാണ് സീബ്രക്രോസിംഗ്. സീബ്രക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരെ ഇടിച്ചാൽ ഡ്രൈവർമാർ കർശന നിയമനടപടി നേരിടേണ്ടി വരും.റോഡിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന റിഫ്‌ലെക്റ്റീവ് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുന്ന സീബ്രക്രോസുകൾ മോശം കാലാവസ്ഥയിലും ഡ്രൈവർമാർക്ക് ദൂരെ നിന്ന് തന്നെ തിരിച്ചറിയാനും വേഗത കുറയ്ക്കാനും സഹായിക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |