SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.18 AM IST

കൊട്ടിയൂരിൽ ഇന്ന് തൃക്കലശാട്ടം

val
ഇന്നലെ അക്കരെ കൊട്ടിയൂരിൽ ശീവേലി മദ്ധ്യത്തിൽ നടത്തിയ വാളാട്ടം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് തൃക്കലശാട്ടം. പുലർച്ചെ കലശമണ്ഡപത്തിൽ കലശാട്ടത്തിന് ഒരുക്കങ്ങൾ ആരംഭിക്കും. രാവിലെ മണിത്തറയിലെ തിരിനാളങ്ങൾ തേങ്ങാ മുറികളിലേക്ക് പകർന്ന ശേഷം വിളക്ക് ഇറക്കും. ഞെട്ടിപ്പനയോലയും മുളകളും കൊണ്ട് മണിത്തറയിൽ നിർമ്മിച്ച ശ്രീകോവിൽ പിഴുതുമാറ്റി തിരുവഞ്ചിറയിൽ നിക്ഷേപിക്കും. കലശമണ്ഡപത്തിൽ നിന്ന് കളഭ കുംഭങ്ങൾ പാരമ്പര്യ വാദ്യത്തിന്റെ അകമ്പടിയോടെ അടിയന്തരക്കാരായ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിക്കും. തുടർന്നാണ് കലശാട്ടം.

ആദ്യം വെള്ളിക്കുടത്തിലെ കളഭം അഭിഷേകം ചെയ്യും. തുടർന്ന് പൊന്നിൻകുടത്തിലെ കളഭവും ആടും. പരികലശം ആടുന്നതോടെ തൃക്കലശാട്ടം പൂർത്തിയാകും. സർവ ബ്രാഹ്മണരും ചേർന്ന് പൂർണ പുഷ്പാഞ്ജലി അർപ്പിക്കും. പ്രസാദം നൽകിക്കഴിഞ്ഞാൽ തറ ശുചിയാക്കും. കുടിപതികൾ തിടപ്പള്ളിയിൽ കയറി കടുംപായസം ചേർത്തുള്ള തണ്ടിന്മേൽ ഊണ് ചടങ്ങ് നടത്തും. വീണ്ടും മണിത്തറ ശുചീകരിച്ച ശേഷം മുതിരേരി വാൾ തിരിച്ചെഴുന്നള്ളിക്കും. അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം ചെയ്തു കഴിഞ്ഞാൽ ഭണ്ഡാരം തിരിച്ച് എഴുന്നള്ളത്ത് ആരംഭിക്കും.

പ്രധാന തന്ത്രിയും, ഓച്ചറും, പന്തക്കിടാവും മാത്രമാകുമ്പോൾ പ്രധാന തന്ത്രി യാത്രാബലി ആരംഭിക്കും. നിശ്ചിത സ്ഥാനങ്ങളിൽ ഹവിസ് തൂകി പാമ്പറപ്പാൻ തോട്ടിൽ എത്തുമ്പോൾ കായട്ട പന്തക്കിടാവിനെ ഏല്പിച്ച് കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കാതെ നടന്നു പോകുന്നതോടെ വൈശാഖ മഹോത്സവത്തിന്റെ താന്ത്രിക കർമ്മങ്ങളും പൂർത്തിയാകും.

ഇന്നലെ പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് അത്തം നാളിലെ ചതുശ്ശതം വലിയ വട്ടളം പായസം പെരുമാൾക്ക് നിവേദിച്ചു. ശീവേലി മദ്ധ്യത്തിൽ ഏഴില്ലക്കാരായ വാളശന്മാർ ദേവീദേവന്മാരുടെ തിടമ്പുകൾക്ക് മുന്നിൽ വാളാട്ടം നടത്തി. തുടർന്ന് കുടിപതികൾ തേങ്ങയേറും നടത്തി. കൂത്ത് സമർപ്പണവും ഇന്നലെ നടത്തി. രാത്രി കലശമണ്ഡപത്തിൽ കലശാട്ടത്തിനുള്ള പ്രത്യേക ചടങ്ങുക

ളുമുണ്ടായി.

നാളെ വറ്റടി നാൾ

സ്ഥാനികരായ ബ്രാഹ്മണർ അക്കരെ പ്രവേശിച്ച് സ്വയംഭൂ വിഗ്രഹത്തെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്യും. ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് സന്നിധാനത്തിൽ നിന്ന് അവർ മടങ്ങും. ഇതിനു ശേഷം ക്ഷേത്രകവാടം അടയ്ക്കും. ഇനി അടുത്ത വർഷം ഇടവമാസത്തിൽ ചോതിവിളക്ക് തെളിയുംവരെ ദേവകളുടെ സാന്നിദ്ധ്യ ഭൂമിയിലേക്ക് ആർക്കും പ്രവേശനമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL