SignIn
Kerala Kaumudi Online
Thursday, 09 July 2026 3.58 AM IST

വിമതരെ ചൊല്ലി സി.പി.എമ്മിൽ വീണ്ടും ചർച്ച: ആ വാതിൽ അടഞ്ഞുതന്നെ

cpm

കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയുടെ മുറിവ് ഉണങ്ങും മുൻപേ വിമതരെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വീണ്ടും ചൂടേറിയ ചർച്ചയായി. യു.ഡി.എഫിനൊപ്പം ചേർന്ന് വിജയിച്ച വി.കുഞ്ഞികൃഷ്ണനെയും ടി.കെ.ഗോവിന്ദനെയും തിരികെ പാർട്ടിയിലേക്ക് അടുപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും. വിഷയത്തിൽ എം.വി.ജയരാജന്റെ ചാനൽ അഭിമുഖത്തെ തുടർന്ന് ഉടലെടുത്ത വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാകമ്മറ്റിയിൽ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെട്ടത്.
തെറ്റു തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന പൊതുതത്വമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഈ പരാമർശംതിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ വിമതരോട് പാർട്ടി നിലപാട് മയപ്പെടുത്തി എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ജില്ലാ കമ്മറ്റി വിലയിരുത്തി.
വിഷയത്തിൽ പ്രതികരിക്കവെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജയരാജനെ തള്ളിപ്പറയുന്ന നിലയിൽ സംസാരിച്ചതാണ് വിവാദത്തിന് ആക്കം കൂട്ടിയത്. ഇക്കാര്യത്തിൽ എം.വി.ഗോവിന്ദൻ പക്വത കൈവിട്ടതായാണ് ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തപ്പെട്ടത്. വിഷയം കൂടുതൽ വഷളാക്കിയത് ഗോവിന്ദൻ തന്നെയാണെന്ന വിമർശനവും കമ്മിറ്റിക്കകത്ത് ഉയർന്നു.

വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി സമരമുഖം തുറക്കേണ്ട ഘട്ടത്തിൽപാർട്ടിക്കകത്തെ ഇത്തരം തർക്കങ്ങൾ പുറത്തുവരുന്നത് വലിയ തിരിച്ചടിയാണെന്നും അംഗങ്ങൾ വിലയിരുത്തി. മാദ്ധ്യമങ്ങൾ ആഘോഷമാക്കുമെന്നത് കണ്ട് നേതാക്കൾ കൂടുതൽ സംയമനം പാലിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.


അവഗണിക്കണമെന്നത് പൊതു നിലപാട്
നിർണായക ഘട്ടത്തിൽ പാർട്ടിയെ പിന്നിൽനിന്ന് കുത്തിയവർക്കെതിരെ ഒത്തുതീർപ്പ് വേണ്ടെന്ന കടുത്ത അഭിപ്രായമാണ് ജില്ലാ കമ്മിറ്റിയിൽ ഭൂരിഭാഗവും മുന്നോട്ടുവെച്ചത്. കുഞ്ഞികൃഷ്ണനെയും ഗോവിന്ദനെയും അവഗണിക്കണമെന്ന പൊതുവികാരമാണ് കമ്മിറ്റിയംഗങ്ങളിൽ ഭൂരിപക്ഷം പേരും പങ്കുവച്ചത്. എന്നാൽ പാർട്ടിക്ക് ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഇവരെ പൂർണമായി മാറ്റിനിർത്തുന്നത് വീണ്ടും വിവാദത്തിന് വഴിവെക്കുമെന്നതിനാൽ അതിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അതെസമയം പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് വിമതരെ അടുപ്പിക്കേണ്ടതില്ലെന്നും തീരുമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL