SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

മാടശ്ശേരി മലയിൽ മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താം

ph-1
കണിച്ചാർ, ഏലപ്പീടികയിലെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം

കണ്ണൂ‌ർ: സംസ്ഥാനത്ത് ആദ്യമായി മണ്ണിടിച്ചിൽ സാദ്ധ്യത കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ സംവിധാനമൊരുങ്ങുന്നു. കണിച്ചാർ പഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് പ്രത്യേകതകൾ എന്നീ ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്ത് മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടോ എന്ന് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്‌ക് എന്നിവയുടെ നേതൃത്വത്തിലാണ് രണ്ട് കോടി രൂപ ചിലവിൽ ഉപകരണം സ്ഥാപിക്കുന്നത്. 2022ൽ 34ഓളം മണ്ണിടിച്ചിൽ അനുഭവപ്പെട്ട പ്രദേശമാണ് കണിച്ചാർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മാടശ്ശേരി മലയിൽ ഓഗ്‌സെൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തിൽ ഈ വർഷം ജനുവരിയിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇനി മണ്ണ് പരിശോധനയ്ക്കുശേഷം, 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിച്ചു സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടത്തേണ്ടത്.

നിലവിൽ ഇവിടെനിന്നും കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റ ശേഖരിക്കുന്നുണ്ട്. സെൻസറുകൾ സ്ഥാപിച്ച ശേഷം ഏകീകൃത പോർട്ടൽ സംവിധാനത്തിലൂടെ മഴ വിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും ശാസ്ത്രീയമായ രീതിയിൽ ലഭ്യമാക്കാൻ കഴിയും.

എട്ട് പോയിന്റുകളിൽ സെൻസറുകൾ

ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തിൽ മലയുടെ ഉയരത്തിൽ നിന്നും താഴോട്ട് എട്ട് പോയിന്റുകളിലായി സെൻസറുകൾ സ്ഥാപിക്കും. മാടശ്ശേരി മലയിൽ സ്ഥാപിക്കുന്ന സംവിധാനം ഉപയോഗിച്ച് മണ്ണിന് സമാനഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാദ്ധ്യതയും പരിശോധിക്കാൻ കഴിയും. പദ്ധതി വിജയിച്ചാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള, വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, WEATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL