SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

ചികിത്സാ പിഴവ്: ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു 

bala
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാറും അംഗങ്ങളും മരണപ്പെട്ട ദേവാൻഷ് ശൗര്യയുടെ വീട് സന്ദർശിച്ചപ്പോൾ.

പ്രതിയായ ഡോക്ടർ ചോദ്യം ചെയ്യലിന് ഹാജരായില്ല

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിനു പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

സംഭവത്തിൽ അടിയന്തരമായി ഇടപെട്ട കമ്മിഷൻ, ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പയ്യന്നൂർ എരമത്തെ കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി നേരിട്ട് സംസാരിച്ച കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ അലംഭാവം ഉണ്ടായെന്ന് വ്യക്തമാക്കി.
അനസ്‌തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരം പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും ചോദ്യംചെയ്യലിന് ഇവർ ഹാജരായിട്ടില്ല. അതേസമയം കുഞ്ഞിന്റെ ചികിത്സയിൽ ഭാഗഭാക്കായ മറ്റ് ഡോക്ടർമാരുടെ മൊഴി പൊലീസ് ഇതിനകം രേഖപ്പെടുത്തി. പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരാണ് മൊഴി നൽകിയത്. തങ്ങളുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും കുഞ്ഞിന്റെ പരിക്കിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അനസ്‌തേഷ്യ കൂടാതെ സ്റ്റിച്ചിടൽ സാധ്യമല്ലായിരുന്നുവെന്നുമാണ് ഇരുവരുടെയും വാദം. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. നിലവിലെ അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി.
വെള്ളിയാഴ്ച ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പൊലീസ് കടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL