
കൊല്ലം: രോഗികളെ വലച്ച് ജില്ലാ ആശുപത്രിയിൽ വീണ്ടും മരുന്ന് ക്ഷാമം. പല രോഗങ്ങൾക്കുമുള്ള പ്രധാന മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ഫാർമസിക്ക് മുന്നിൽ ക്യൂ നിന്ന് കൗണ്ടറിന് മുന്നിലെത്തുമ്പോൾ ഡോക്ടറുടെ കുറിപ്പടിയിലെ പല മരുന്നുകളും ലഭിക്കാറില്ല.
സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ പലതും പുറത്തുനിന്ന് വലിയ വിലകൊടുത്താണ് വാങ്ങുന്നത്. മരുന്ന് ക്ഷാമം രൂക്ഷമായിട്ടും ആശുപത്രി അധികൃതർ പരിഹാരം കാണാൻ തയ്യാറാകുന്നില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധിപ്പേരാണ് ദിവസേന ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും കുറിപ്പടിയിലെ ഒന്നോ രണ്ടോ മരുന്നുകൾ മാത്രമാണ് ലഭിക്കുന്നത്.
മണിക്കൂറോളം ക്യൂ നിന്ന് ടോക്കണെടുത്ത് വീണ്ടും കാത്തുനിന്ന് ഫാർമസി കൗണ്ടറിലെത്തിയാൽ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണുള്ളത്. പ്രധാനമായും വേദനാസംഹാരികൾ പലതും കിട്ടാനില്ല. അത്യാവശ്യം വേണ്ടുന്ന പല മരുന്നുകളുടെയും പരിമിതമായ സ്റ്റോക്കാണുള്ളത്. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും കുറവാണ്. ആന്റിബയോട്ടിക് ഗുളികകളും ആവശ്യത്തിനില്ല.
മരുന്നില്ലാതെ മടക്കം
സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഭീമമായ തുകയോർത്ത് മരുന്നുകൾ പുറത്തുനിന്ന് വാങ്ങാതെ മടങ്ങുകയാണ്. കുണ്ടറ, ചവറ, അഞ്ചാലുംമൂട്, മൂന്നാംകുറ്റി, എഴുകോൺ, കൊട്ടിയം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ചികിത്സയ്ക്ക് എത്തുന്നത്. സർക്കാർ ഫണ്ടിന് പുറമെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും വിനിയോഗിച്ചാണ് പ്രാദേശികമായി ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നത്. അതേസമയം ആവശ്യത്തിന് മരുന്നുകൾ ഉണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
മരുന്ന് കുറവാണെന്നതിനെപ്പറ്രി ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല. അന്വേഷിച്ചെങ്കിലേ പറയാൻ കഴിയൂ.
ഡി.എം.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |