അസഹനീയ ചൂടിലും ആഹ്ളാദ മനസ്
കൊല്ലം: കടുത്ത വേൽചൂട് അവഗണിച്ച്, അവധിക്കാലം ആസ്വദിക്കാൻ ജില്ലയയിലെ വിനോദ സഞ്ചാര മേഖലകളിലേക്ക് സന്ദർശകർ ഒഴുകുന്നു. ചൂട് അസഹനീയമായിട്ടും ഡി.ടി.പി.സിക്ക് കീഴിലുള്ള പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് യാതൊരു കുറവുമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. കുടുംബസമേതം എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ അഡ്വഞ്ചർ പാർക്ക്, മലമേൽ, മീൻപിടിപ്പാറ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നത്. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി തണലുള്ള ഇടങ്ങളാണ് ആളുകളെ കൂടുതലായി ആകർഷിക്കുന്നത്. അഡ്വഞ്ചർ പാർക്കിലെ തണലും സാമ്പ്രാണിക്കോടിയിലെ കായൽക്കാറ്റും മീൻപിടിപ്പാറയിലെ പ്രകൃതിഭംഗിയും ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്ന് ഡി.ടി.പി.സി അധികൃതർ പറയുന്നു.
നവീകരണം തിരിച്ചടി
ജില്ലയിലെ ചില പ്രധാന പാർക്കുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് സന്ദർശകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നഗരമദ്ധ്യത്തിലെ പ്രധാന ആകർഷണമായ ആശ്രാമം ചിൽഡ്രൻസ് പാർക്ക് നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. ധാരാളം തണൽമരങ്ങളുള്ള ചിൽഡ്രൻസ് പാർക്കിൽ അവധിക്കാലത്ത് വലിയ തിരക്ക് അനുഭവപ്പെടേണ്ടതാണ്. തങ്കശേരി ബ്രേക്ക് വാട്ടറിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് സന്ദർശകരുടെ വരവിനെ ബാധിച്ചു. ഈ കുറവ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
ബീച്ചുകളിൽ തിരക്കേറുന്നു
കൊല്ലം ബീച്ചിൽ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പകൽ സമയത്തെ ചൂട് കുറയുമ്പോഴാണ് സന്ദർശകർ ഒഴുകിയയെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ബീച്ച് തിങ്ങി നിറഞ്ഞ നിലയിലായിരുന്നു സന്ദർശകർ. തിരക്ക് നിയന്ത്രിക്കാൻ പൊലീസും പിങ്ക് പൊലീസും സജീവമായി രംഗത്തുണ്ട്. വാഹനങ്ങളുടെ പാർക്കിംഗ് നിയന്ത്രിക്കാനും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക പൊലീസ് സംഘത്തെ ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചൂട് നിലനിൽക്കുന്നുണ്ടെങ്കിലും ജില്ലയിലെ ടൂറിസം മേഖല ഉണർവോടെ തന്നെ മുന്നോട്ട് പോകുകയാണ്.
വേനൽ കടുത്തെങ്കിലും ഡി.ടി.പി.സിക്ക് കീഴിലുള്ള കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്കിന് കുറവില്ല. അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആവശ്യത്തിന് തണലുള്ളത് സഞ്ചാരികൾക്ക് ആശ്വാസമാകുന്നുണ്ട്. ചില കേന്ദ്രങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിലെല്ലാം അവധിക്കാല തിരക്ക് അനുഭവപ്പെടുന്നുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്
ഡി.ടി.പി.സി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |