കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഇ.ടി.സി - പെന്മാന്നൂർ ഭാഗത്തെ കെ.ഐ.പി കനാൽ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. വേനൽ കടുത്തതോടെ ജലത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോഴാണ് ഏക ആശ്രയമായ കനാൽ ജലം അധികൃതരുടെ അനാസ്ഥ മൂലം മലിനമായിരിക്കുന്നത്. കനാൽ തുറന്നുവിടുന്നതിന് മുൻപ് നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ നടക്കാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമായത്.
ഒഴുക്ക് തടഞ്ഞ് മരങ്ങളുടെ വേരും കുറ്റിക്കാടുകളും
കനാലിലെ നീരൊഴുക്ക് സുഗമമാക്കാൻ മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ കുറ്റിക്കാടുകളും മരച്ചില്ലകളും നീക്കം ചെയ്തിട്ടില്ല. പലയിടത്തും സമീപത്തെ മരങ്ങളുടെ വേരുകൾ കനാലിലേക്ക് ആഴ്ന്നിറങ്ങി ജലപ്രവാഹം തടസപ്പെടുത്തുന്നുണ്ട്. ഇത് വെള്ളം കെട്ടിക്കിടക്കാനും പായൽ വളരാനും കാരണമാകുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു
കനാലിന്റെ അപ്രോച്ച് റോഡിലൂടെ പോകുന്നവർ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വീട്ടുമാലിന്യം കനാലിലേക്ക് നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. വെള്ളം തുറന്നുവിടുമ്പോൾ ഈ മാലിന്യങ്ങൾ ഒഴുകിപ്പോകാതെ തടഞ്ഞുനിൽക്കുന്നത് മൂലം അസഹ്യമായ ഗന്ധമാണ് അനുഭവപ്പെടുന്നത്. വെള്ളം കറുത്ത് മലിനമായതോടെ കുളിക്കാനും തുണി നനയ്ക്കാനും ഈ ജലത്തെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോൾ ആശങ്കയിലാണ്.
ശുചീകരണ ഫണ്ട് എവിടെ?
വർഷാവർഷം കനാൽ ശുചീകരണത്തിനായി സർക്കാർ വലിയ തുക മാറ്റിവയ്ക്കാറുണ്ടെങ്കിലും ഇത്തവണ പ്രവർത്തനങ്ങൾ കൃത്യമായി നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളും കവറുകളും അടിഞ്ഞുകൂടി രോഗഭീഷണി ഉയർത്തുന്ന കനാൽ സംരക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |