
കൊല്ലം: മുണ്ടയ്ക്കൽ അമൃതുകുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ആശങ്ക പടർത്തി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ജലത്തിൽ അമോണിയ സാന്നിദ്ധ്യം കണ്ടെത്തി. ഓക്സിജന്റെ അളവ് കുറവാണെന്നും സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെയാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിച്ചയത് പ്രകാരം നഗരസഭ ആരോഗ്യവിഭാഗവും ഫിഷറീസ് വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജലത്തിന്റെ സാമ്പികളുകൾ ശേഖരിച്ചു. മേയർ എ.കെ. ഹഫീസ്, കോർപ്പറേഷൻ കൗൺസിലർ ജയലക്ഷ്മി എന്നിവരും സ്ഥലത്തെത്തി.
ഏഴ് വർഷം മുമ്പ് കോർപ്പറേഷൻ നൽകിയ ഫണ്ടിൽ ഫിഷറീസ് വകുപ്പ് കുളത്തിൽ കട്ല, രോഹു ഇനങ്ങളിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിന് ശേഷം ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തിയിരുന്നു. പിന്നീട് നാട്ടുകാർ ഇടയ്ക്കിടെ മീൻപിടിക്കുമായിരുന്നു. ഇത്തരത്തിൽ ഇന്നലെയും കുളത്തിൽ നിന്ന് മീൻ പിടിച്ചിരുന്നു.
ജലത്തിന്റെ സാമ്പിളിന് പുറമേ ചത്തുപൊങ്ങിയ മത്സ്യങ്ങളെയും വിശദ പരിശോധനയ്ക്കായി ഫിഷറീസ് വകുപ്പ് ശേഖരിച്ചു.
മഴവെള്ളത്തിൽ ഓക്സിജൻ കുറയും
കുളങ്ങളിലേയ്ക്ക് പെട്ടെന്ന് മഴവെള്ളം ഒഴുകിയെത്തുമ്പോൾ ഓക്സിജന്റെ അളവ് കുറയാറുണ്ട്
അത്തരത്തിൽ മഴവെള്ളമെത്തി ഓക്സിജൻ കുറഞ്ഞതാകാം മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം
കൊല്ലത്തെ പ്രസിദ്ധമായ കുളങ്ങളിലൊന്നാണ് അമൃതുകുളം
എഴുനൂറോളം വർഷം പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്
ജലത്തിന്റെയും മീനുകളുടെയും സാമ്പിൾ വിശദ പരിശോധനയ്ക്കായി കുഫോസിലേക്ക് അയയ്ക്കും.
ഫിഷറീസ് വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |