കൊല്ലം: ഫുട്‌ബോൾ ലഹരിയിൽ നാടു മുഴുവൻ ആവേശത്തിലായിരിക്കവേ, കൊല്ലം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉയർന്നു നിൽക്കുന്ന 20 അടി ഉയരമുള്ള കൂറ്റൻ ലോകകപ്പ് മാതൃക ശ്രദ്ധയാകർഷിക്കുന്നു.
500 കിലോയോളം വരുന്ന ഇരുമ്പ് ചട്ടക്കൂടിൽ നിർമ്മിച്ച ഈ ലോകകപ്പ് മാതൃകയുടെ ഉള്ളിൽ നിറച്ചിരിക്കുന്നത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളാണ്. മാലിന്യ സംസ്കരണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകകപ്പ് മാതൃക തയ്യാറാക്കിയത്. പുറംഭാഗത്ത് ലഹരിക്കെതിരായ ശക്തമായ നിരവധി സന്ദേശങ്ങളും എഴുതിച്ചേർത്തിട്ടുണ്ട്. കായിക വിനോദത്തിലൂടെ ലഹരിയോട് വിടപറയാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും യുവാക്കളെ പ്രേരിപ്പിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
പഞ്ചായത്തിലെ കലാകാരന്മാരായ ഷിബു, മനോഹരൻ, ശിവശങ്കര പിള്ള എന്നിവരുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൊണ്ടാണ് ഈ കൂറ്റൻ മാതൃക പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെ. സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ സുജിത് ലഹരിവിരുദ്ധ സന്ദേശം നൽകി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 11 സ്കൂളുകൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്യുകയും ചെയ്തു. കാനറാ ബാങ്ക്, ഹോളിക്രോസ് ആശുപത്രി, സംസം മെറ്റൽസ്, പഞ്ചായത്തിലെ കോൺട്രാക്ടർമാർ എന്നിവരുടെ സഹകരണത്തോടെയാണ് ലോകകപ്പ് മാതൃക യാഥാർത്ഥ്യമാക്കിയത്. വേൾഡ് കപ്പിന് ശേഷം മാതൃക ലേലം ചെയ്യാനാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. ലഭിക്കുന്ന തുക പഞ്ചായത്തിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനച്ചെലവുകൾക്കായി വിനിയോഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |