SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

കുടുംബശ്രീക്കാർക്ക് ആശ്വസിക്കാം പൂട്ടേണ്ടണ്ടി വരില്ല സംരംഭങ്ങളൊന്നും!

കൈത്താങ്ങാവാൻ 'പുനർജ്വാല' പദ്ധതി

കൊല്ലം: പ്രതിസന്ധികളിൽ കാലിടറി ഇനി ഒരു കുടുംബശ്രീ സംരംഭവും പൂട്ടേണ്ടി വരില്ല. ജില്ലയിലെ 11,822ൽപ്പരം സംരംഭങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള 'പുനർജ്വാല'യുടെ ക്യാമ്പയിൻ ജില്ലയിൽ സജീവമാക്കുകയാണ് കുടുംബശ്രീ മിഷൻ.

കടക്കെണിയുടെ ഭയമില്ലാതെ, വീട്ടമ്മമാർക്ക് തങ്ങളുടെ സ്വപ്ന സംരംഭങ്ങളിലൂടെ സ്വന്തമായി വരുമാനം ആർജിക്കാനും അവയെ വലിയ ബിസിനസുകളാക്കി മാറ്റാനുമുള്ള പിന്തുണയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

നിലവിലുള്ള കുടുംബശ്രീ സംരംഭങ്ങളുടെ അവസ്ഥയെപ്പറ്റി പഠനം നടത്തി ലാഭത്തിലാക്കാൻ ശ്രമിക്കും. ഇതിനായി ഹരിത കർമ്മ സേന, ജനകീയ ഹോട്ടലുകൾ, പ്രീമിയം കഫേകൾ, ഐ.ടി-അപ്പാരൽ യൂണിറ്റുകൾ തുടങ്ങി കുടുംബശ്രീയുടെ പ്രധാന ഫ്ലാഗ്ഷിപ്പ് സംരംഭങ്ങളെക്കൂടി ഈ അവസ്ഥാപഠനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീൽഡ് തലത്തിലുള്ള മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ മുഖേന ഗൂഗിൾ ഫോം വഴിയുള്ള ഫീൽഡ് സർവേ ജൂലായ് 13ന് ജില്ലയിൽ ആരംഭിച്ചു. ഇതിന് പുറമെ സംരംഭങ്ങളുടെ വളർച്ചയ്ക്കായി ജില്ലയിലെ 11 ബ്ലോക്കുകളിലും ഒരു കോർപ്പറേഷനിലും 4 നഗരസഭകൾ കേന്ദ്രീകരിച്ചും കർഷകർ, സംരംഭകർ, ബാങ്കുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും നടത്തുന്നുണ്ട്.

ഈ സർവേ വിവരങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ പ്രാദേശിക ബിസിനസ് സാദ്ധ്യതകൾ ഉൾപ്പെടുത്തി ആദ്യം ബ്ലോക്ക് പൊട്ടൻഷ്യൽ റിപ്പോർട്ടും ബ്ലോക്ക് ആക്ഷൻ പ്ലാനും തയ്യാറാക്കും. തുടർന്ന് ഇവ ക്രോഡീകരിച്ച് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമഗ്രമായ ആക്ഷൻ പ്ലാനുകൾ രൂപീകരിക്കും.

സംരംഭങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങൾ:

 ഉത്പന്നങ്ങൾ നഷ്ടമില്ലാതെ വിറ്റഴിക്കാൻ പുതിയ സാദ്ധ്യതകളും വിപണികളും കണ്ടെത്താൻ സഹായിക്കും

 ബിസിനസ് മികച്ച രീതിയിൽ വളർത്താനും ലാഭകരമാക്കാനും ആവശ്യമായ പരിശീലനങ്ങൾ നൽകും

 ലോൺ ആവശ്യമായവർക്ക് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ബാങ്കുകളിൽ സമർപ്പിക്കാൻ സഹായിക്കും

 ലോൺ അനുവദിക്കുന്നത് വരെ സി.ഡി.എസ് തലത്തിലുള്ള മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരുടെ പിന്തുണ.

 സംരംഭകരുടെ പ്രതിമാസ വരുമാനവും ടേൺഓവറും കൃത്യമായി നിരീക്ഷിക്കും

 വരുമാനത്തിൽ കുറവുണ്ടായാൽ ബിസിനസ് വർദ്ധിപ്പിക്കാനുള്ള കൃത്യമായ പിന്തുണ നൽകും

 കുടുംബശ്രീ വഴി ലഭ്യമാകുന്ന വിവിധ ധനസഹായങ്ങൾ സംരംഭങ്ങളിലേക്ക് നേരിട്ട് എത്തിക്കും

ജില്ലയിലെ കുടുംബശ്രീ സംരംഭ മേഖലയിൽ വലിയൊരു ഗുണപരമായ മാറ്റം സൃഷ്ടിക്കാനാണ് പുനർജ്വാല' ക്യാമ്പയിൻ ലക്ഷ്യമിടുന്നത്

വിമൽ ചന്ദ്രൻ (കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL