SignIn
Kerala Kaumudi Online
Sunday, 02 August 2026 4.09 AM IST

മഴയി​ൽ പതറി​ ജില്ല

t
കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങിയ നിലയിൽ

​കൊല്ലം: ജില്ലയിൽ കനത്ത മഴയിലും കാറ്റിലും നാലു വീടുകൾ ഭാഗികമായി തകർന്നു. മലയോര മേഖലയിലാണ് കെടുതി രൂക്ഷമായി തുടരുന്നത്. തോടുകളും നദികളും കരകവിഞ്ഞൊഴുകി. കുളത്തൂപ്പുഴ ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിറുത്തി കുംഭാവുരുട്ടി, പാലരുവി വെള്ളച്ചാട്ടങ്ങൾ അടച്ചു.

വീടുകൾ തകർന്ന് ആകെ 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലയിൽ 0.91 ഹെക്ടറിലെ വാഴക്കൃഷി പൂർണമായും നശിച്ചു. ഇതുവരെ മൊത്തം 63 കർഷകർക്കാണ് മഴയിൽ നഷ്ടമുണ്ടായത്. പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ 11.03 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കിയിട്ടുണ്ട്.

കല്ലടയാറും ശംഖിലിയാറും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയും പരിസരവും വെള്ളത്തിലായി. ബസ് സർവീസുകൾ താറുമാറായതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ​കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം ഷാജഹാന്റെ അര ഏക്കർ വരുന്ന കൃഷിയിടം പൂർണ്ണമായും ഒലിച്ചുപോയി. കൃഷിക്ക് വേണ്ടി സ്ഥാപിച്ചിരുന്ന സോളാർ സംരക്ഷണവേലി മുഴുവൻ മാലിന്യങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ്. തിരുവനന്തപുരം-തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപവും വെള്ളം കയറി ഗതാതടസമുണ്ടായി. ചോഴിയക്കോട് കല്ല്കുഴിയിൽ ഹൈവേ പാതയ്ക്ക് സമീപമുള്ള കൂറ്റൻ മൺത്തിട്ട ഇടിഞ്ഞു മരങ്ങൾ റോഡിലേക്ക് മറിഞ്ഞു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

പുനലൂരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുനലൂർ ചാലിയക്കര പത്തുപറ പാലത്തിൽ വെള്ളം കയറി. പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കാറിനു മുകളിൽ മരം വീണു

​കുണ്ടറ ഇടവട്ടം പാറപ്പുറം ഉദയ ഭവനിൽ ഉദയകുമാറിന്റെ കാറിനു മുകളിലേക്ക് ഈട്ടിമരം വീണ് കാർ പൂർണമായും തകർന്നു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് പെയ്ത കാറ്റിലും മഴയിലുമാണ് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് 30 അടിയോളം പൊക്കമുള്ള ഈട്ടിമരം പിഴുതുവീണത്. തൊട്ടടുത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീടിനു മുകളിലേക്ക് വീഴാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്. ​

കോവിൽമുക്ക് ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിന് സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ആൽമരവും വേരോടെ പിഴുതുവീണു. മരം വീണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. റോഡിലാകെ മരം വീണതിനെ തുടർന്ന് ഗതാഗതവും മണിക്കൂറുകളോളം സ്തംഭിച്ചു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൺറോത്തുരുത്ത് പെരുങ്ങാലത്ത് ഉരുളപുറത്ത് വീട്ടിൽ ഡാനി എർണസ്റ്റിന്റെ വീടിന് മുകളിലേക്കും മരം വീണ് നാശനഷ്ടമുണ്ടായി. അപകടങ്ങളിലൊന്നിലും ആളപായമില്ല.

ഇന്നലത്തെ മഴക്കണക്ക്

 പുനലൂർ: 126.5 മിമി

​ ആര്യങ്കാവ് : 95.0 മിമി

 ​കൊല്ലം: 28.0 മിമി

 ​​തെന്മല: 69.0 മിമി

 ​കരുവേലിൽ : 55.5 മിമി

​ ചവറ: 49.0 മിമി

​ പാരിപ്പള്ളി: 41.5 മിമി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL