
കോട്ടയം : വിദേശ കുടിയേറ്റം ഏറെയുള്ള ജില്ലയിൽ തിരഞ്ഞെടുപ്പ് ഫലത്തെ ഇത് എങ്ങനെ സ്വാധീനിക്കുമന്ന ആശങ്കയിലാണ് പ്രധാന മുന്നണികൾ. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ നിർണായകമാകുന്ന ന്യൂജെൻ, പ്രവാസിവോട്ടുകൾ എങ്ങനെ ചെയ്യിക്കുമെന്നതിൽ പാർട്ടികൾക്ക് ഒരു ധാരണയുമില്ല. വിദേശകുടിയേറ്റം ഏറെയുള്ള സ്ഥലങ്ങളിലെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞിരുന്നു. ജില്ലയുടെ ആകെ ശരാശരിയേക്കാൾ താഴെയായിരുന്നു കടുത്തുരുത്തി, പാലാ, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളിലെ പല പഞ്ചായത്തുകളിലും പോളിംഗ് ശതമാനം. ഞീഴൂർ, നീണ്ടൂർ, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി,കാണക്കാരി, കുറവിലങ്ങാട്, രാമപുരം, മാഞ്ഞൂർ, ഭരണങ്ങാനം, കരൂർ, മീനച്ചിൽ, മുത്തോലി, പൂഞ്ഞാർ തെക്കേക്കര, അകലക്കുന്നം, എലിക്കുളം, കിടങ്ങൂർ, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം,വാകത്താനം, വാഴപ്പള്ളി, നെടുംകുന്നം, മണിമല, എരുമേലി,പാറത്തോട്, കുറിച്ചി, പുതുപ്പള്ളി, വിജയപുരം പഞ്ചായത്തുകളിലായിരുന്നു പോളിംഗ് ശതമാനം ഏറെ പിന്നിൽ. ജോലിയ്ക്കായും പഠനത്തിനായുമായാണ് പലരും വിദേശത്തേക്ക് ചേക്കേറിയത്.
ഏറെ ബാധിക്കുക കേരള കോൺഗ്രസുകളെ
കേരള കോൺഗ്രസുകൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന കടുത്തുരുത്തിയിലും, ചങ്ങനാശേരിയും ഒരു വോട്ടിന് പോലും വിജയിയെ നിർണയിക്കാൻ കഴിയുന്ന പാലായിലും ന്യൂജെൻ, പ്രവാസി വോട്ടുകൾ ഉണ്ടാക്കുന്ന വിള്ളൽ ആരെയാണ് ബാധിക്കുന്നതെന്നും പറയാനാകില്ല. യു.കെ, കാനഡ, അയർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേറെയും കേരള കോൺഗ്രസുകാരായ പ്രവാസികളാണ്. നഴ്സായ ഭാര്യയ്‌ക്കൊപ്പം കുടിയേറിയവരും ഏറെ. അവിടെ പൗരത്വം സ്വീകരിച്ചവരുമുണ്ട്. നാട്ടിലെത്തുന്നത് വല്ലപ്പോഴും. ഇരട്ട പൗരത്വ പ്രശ്നവും ഇവിടെ വോട്ടിംഗിന് വില്ലനാവാറുണ്ട്.
നാട്ടിലെത്തിക്കുക ബുദ്ധിമുട്ട്
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന സർവീസുകളുടെ കുറവ്
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പെട്ടെന്ന് അവധിയെടുക്കുന്നതിലെ ബുദ്ധിമുട്ട്
പുതുതലമുറയ്ക്ക് വോട്ടിംഗിനോടുള്ള താത്പര്യമില്ലായ്മയും വെല്ലുവിളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |