SignIn
Kerala Kaumudi Online
Monday, 01 June 2026 5.05 AM IST

ഏതു വി.വി.ഐ.പി വന്നാലും ........... നഗരം കെട്ടിയടച്ച് ജനത്തെ ഇങ്ങനെ വട്ടം ചുറ്റിക്കരുത് !

rd

ചെറിയൊരു പ്രകടനം നടന്നാൽ നഗരം സ്തംഭിക്കുന്ന 'ഠ' വട്ടത്തിലുള്ള കോട്ടയത്ത് ഒരു വി.വി.ഐ.പി വന്നാലോ. ഇന്നലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി കോട്ടയത്തെത്തിയതിന്റെ പേരിൽ രാവിലെ മുതൽ പൊലീസ് നഗരം കെട്ടിയടച്ചു. വീതിയുള്ള റിംഗ് റോഡുകളൊന്നുമില്ലാത്ത കോട്ടയത്ത് തലങ്ങും വിലങ്ങും വാഹനങ്ങൾ കുടുങ്ങിയതോടെ പെരുവഴിയിലായ ചുറ്റുവട്ടത്തുള്ളവർ വി.വി.ഐ.പിമാർ വരുന്നതിന്റെ പേരിൽ തങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ ബദൽ സംവിധാനമൊരുക്കാൻ ജനപ്രതിനിധികളോട് അഭ്യർത്ഥിക്കുകയാണ്. ഉപരാഷ്ട്രപതി വരുന്നതിന്റെ തലേന്ന് പൊലീസ് ട്രയൽ റൺ നടത്തിയിരുന്നു. ഒരുമണിക്കൂറോളമായിരുന്നു ജനം പെരുവഴിയിലായത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും, എം.എൽ.എമാരുമടക്കം ഇതിന്റെ ചൂടറിഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയ സ്പീക്കർ ഗതാഗത കുരുക്ക് ചർച്ച ചെയ്യുന്നതിന് അടിയന്തര യോഗം ഇന്ന് വിളിക്കാൻ കളക്ടറോട് നിർദ്ദേശിച്ചിരിക്കുകയാണ്. സ്പീക്കറും പങ്കെടുക്കുന്നുണ്ട്. മച്ചി പശുവിനെ തൊഴുത്തു മാറ്റിക്കെട്ടുന്നത് പോലെയാകാതെ ക്രിയാത്മക നിർദ്ദേശങ്ങളും നടപടികളും ഈ യോഗത്തിൽ ഉണ്ടാകട്ടെ എന്ന് നാട്ടുകാർ പ്രാർത്ഥിക്കുകയാണ്. നഗരത്തിലൂടെ കടന്നുപോകുന്ന എം.സി റോഡും, കെ.കെ റോഡും തൊട്ടുരുമ്മി കിടക്കുന്നതിനാൽ ഒറ്റവരി പ്രകടനമാണെങ്കിലും നഗരം കുരുങ്ങും. റിംഗ് റോഡുകളൊന്നും കോട്ടയത്തില്ലാത്തതിനാൽ തോന്നുന്ന വഴി പൊലീസ് വാഹനം തിരിച്ചുവിടും. നഗരം അതോടെ സ്തംഭിക്കും.

തലതിരിഞ്ഞ ഗതാഗത നിയന്ത്രണം

മൂന്നുമണിയ്ക്ക് വരുന്ന ഉപരാഷ്ട്രപതിക്കായി രാവിലെ 11 ന് തന്നെ റോഡ് അടച്ചുകെട്ടി വാഹനങ്ങൾ വഴി തിരിച്ചുവിട്ടത് എന്തിനെന്നാണ് യാത്രക്കാരുടെ ചോദ്യം. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് പരിപാടി നടന്ന മാമ്മൻമാപ്പിളഹാൾ വരെ അരകിലോമീറ്റർ താഴെയേ ദൂരം ഉള്ളൂ. ഹെലികോപ്ടറിൽ ഉപരാഷ്ട്രപതി എത്തുന്നതിന് അരമണിക്കൂർ മുൻപ് നിയന്ത്രണം ഏർപ്പെടുത്തിയാൽ പോരെയെന്നാണ് ഉയരുന്ന ചോദ്യം. കളക്ടറേറ്റ് മുതൽ ചന്തക്കവല വരെ ഗതാഗതം സ്തംഭിപ്പിക്കേണ്ടിടത്താണ് നാട്ടകത്തും കഞ്ഞിക്കുഴിയിലും നാഗമ്പടത്തും ചാലുകുന്നിലുമെല്ലാം റോഡ് അടച്ചുകെട്ടിയത്. പൊലീസ് ഇടവഴി വാഹനങ്ങൾ തിരിച്ചുവിട്ടെങ്കിലും സ്ഥലപരിചയമില്ലാത്തവർ ശരിക്കും പെട്ടുപോയി.

ഇനി കുരുക്ക് മുറുകും

ഇന്ന് സ്കൂളും കോളേജും തുറക്കുന്നതോടെ തിരക്കേറും

റിംഗ് റോഡുകൾ വികസിപ്പിക്കാൻ നടപടി വേണം

പുതിയ ബൈപ്പാസുകളും ഫ്ലൈ ഓവറുകളും വേണം

വാചകമടിയല്ല അടിയന്തര നടപടി വേണമെന്നാവശ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL