SignIn
Kerala Kaumudi Online
Thursday, 02 July 2026 5.18 AM IST

വിലക്കുറവിൽ വീഴരുതേ,  ബുള്ളറ്റ് മുട്ട തടികേടാക്കും

ss

കോട്ടയം : കോഴിമുട്ടയ്ക്ക് വില ഉയർന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാര കുറഞ്ഞ 'ബുള്ളറ്റ് മുട്ടകൾ വാഹനങ്ങളിൽ കൊണ്ടുവന്ന് ജില്ലയിൽ വില്പന നടത്തുന്ന സംഘങ്ങൾ വ്യാപകമായി. വിലകുറച്ച് വിൽക്കുന്നതിനാൽ വില്പനയും തകൃതിയായി. അതസമയം മുട്ടകൾ സ്കൂളുകളിൽ കുട്ടികൾക്ക് നൽകാൻ അദ്ധ്യാപകർ വാങ്ങുന്നതായി പരാതിയുണ്ട്. 'ബുള്ളറ്റ് മുട്ടകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഹോട്ടലുകൾ, തട്ടുകടകൾ,​ ബേക്കറികൾ എന്നിവിടങ്ങളിൽ ബുള്ളറ്റ് മുട്ട എത്തിക്കുന്ന സംഘങ്ങളുണ്ട്. മുട്ടയുമായെത്തുന്ന ലോറികൾ ചെക്കുപോസ്റ്റിൽ പരിശോധിക്കാറുമില്ല. കോഴികളുടെ അണ്ഡവാഹിനി കുഴലിൽ ഉണ്ടാകുന്ന തടസങ്ങളോ പേശീവലിവുകളോ മൂലം മുട്ടയ്ക്ക് നീണ്ട രൂപം ഉണ്ടാകുന്നതാണ് ബുള്ളറ്റ് മുട്ടകൾ. ​ കോഴികളെ ബാധിക്കുന്ന ശ്വാസകോശ രോഗം, എഗ് ഡ്രോപ് സിൻഡ്രോം തുടങ്ങിയ വൈറസ് രോഗങ്ങൾ പടരുമ്പോഴാണ് ഫാമുകളിലെ കോഴികൾ ഇത്തരം വൈകൃതമായ മുട്ടകളിടുന്നത്. ഗുണനിലവാരം ഇല്ലാത്തതിനാൽ ഫാമുകളിൽ ഇവ ഒരു രൂപയ്ക്കോ ഒന്നരരൂപയ്ക്കോ 'റിജക്ട് ' ചെയ്ത് മാറ്റും.

30 മുട്ടകൾ അടങ്ങുന്ന പായ്ക്കറ്റിന് വില: 160 രൂപ

ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യത

ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ലാബോറട്ടറി പരിശോധനകളിൽ ഇത്തരം മുട്ടകളിൽ മനുഷ്യശരീരത്തിന് അതീവ ഹാനികരമായ സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഉള്ളിൽ ചെന്നാൽ കടുത്ത വയറിളക്കം, വിട്ടുമാറാത്ത ഛർദ്ദി, വയറുവേദന, പനി എന്നിവയുണ്ടാകും. കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ജീവന് വരെ ഹാനി സംഭവിക്കാം.

വഴിയോരങ്ങളിൽ വാഹനമിട്ട് വിലക്കുറവിന്റെ ബോർഡ് വച്ചുള്ള മുട്ട വില്പന ഭക്ഷ്യസുരക്ഷാവകുപ്പ് കർശനമായി നിരോധിക്കണം. മുട്ടകളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം വേണം.

-എബി ഐപ്പ് (ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, EGG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL