SignIn
Kerala Kaumudi Online
Thursday, 09 July 2026 3.58 AM IST

സ്വകാര്യ ബസ് സമരം : വലഞ്ഞ് യാത്രക്കാർ

bus

കോട്ടയം : കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതോടെ വരുമാനത്തിൽ വൻ ഇടിവുണ്ടായെന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകൾ നടത്തിയ ഏകദിന പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. 950 സ്വകാര്യ ബസുകളിൽ നാലെണ്ണം മാത്രമാണ് സർവീസ് നടത്തിയത്. മുണ്ടക്കയത്തും പൊൻകുന്നത്തും രണ്ട് വീതം ബസുകൾ.
പണിമുടക്കിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജാക്‌സൺ സി.ജോസഫ്, ജനറൽ സെക്രട്ടറി കെ.എസ് സുരേഷ്, ട്രഷറർ വിനോജ് കെ.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ നേതാക്കളായ പി.ജെ വർഗീസ്, കെ.എൻ മോഹനൻ, ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൻ, ജോസ് പുത്തകാല, പി.കെ ആനന്ദക്കുട്ടൻ, പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തി. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലാണ് യാത്രാ ക്ലേശം രൂക്ഷമായത്. ചങ്ങനാശേരിയിൽ നിന്ന് മുണ്ടക്കയം, മണിമല, കറുകച്ചാൽ റൂട്ടുകളിൽ യാത്രക്കാർ ബുദ്ധിമുട്ടി. പാലായിൽ നിന്ന് കൊടുങ്ങൂർ, രാമപുരം, ഉഴവൂർ, കടനാട് റൂട്ടുകളിലും വൈക്കത്ത് നിന്ന് പാലാ, കടുത്തുരുത്തി, എറണാകുളം ഭാഗങ്ങളിലേക്കുള്ള സർവീസുകളിലും യാത്രാ പ്രതിസന്ധി രൂക്ഷമായി. ഏറ്റുമാനൂർ, കടുത്തുരുത്തി മേഖലകളിൽ നിന്ന് എറണാകുളം റൂട്ടിലും കുമരകം, ചേർത്തല, കുമരകം, വൈക്കം റൂട്ടുകളിലും യാത്രക്കാർ ദുരിതമനുഭവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL