മുണ്ടക്കയം: മുണ്ടക്കയം ടൗണിനെ പ്രകാശ പൂരിതമാക്കാൻ സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ നശിച്ചു. 2015-16 കാലഘട്ടത്തിൽ ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 14.5 ലക്ഷം രൂപ മുടക്കിയായിരുന്നു വഴിവിളക്കുകൾ സ്ഥാപിച്ചത്. കല്ലേപ്പാലം മുതൽ പൈങ്ങനാ പാലം വരെയും, കോസ്വേ പാലം, സി.എം.എസ് ഹൈസ്‌കൂൾ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലായി 54 ഓളം സോളാർ വഴിവിളക്കുകളായിരുന്നു സ്ഥാപിച്ചത്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് കുറച്ചുനാൾ എങ്കിലും പ്രവർത്തിച്ചത്. ഇവയും ഇപ്പോൾ പൂർണമായും പ്രവർത്തനരഹിതമായി.
യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ സ്ഥാപിച്ച വഴിവിളക്കുകളുടെ സോളാർ പാനൽ, ബാറ്ററി, ബൾബ് എന്നിവ ഒരു വർഷത്തിനുള്ളിൽ തന്നെ പലയിടങ്ങളിലെയും മോഷണം പോയി. മിക്കയിടത്തും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾ പോലും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയ നിലയിലാണ്.
വാഹനമിടിച്ചും നിരവധി വഴിവിളക്കുകൾ തകർന്നു. ഇതോടെ ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ പദ്ധതി കൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെയായി.
ആസൂത്രണമില്ലായ്മ പ്രധാന കാരണം, മുണ്ടക്കയം ഇരുട്ടിൽ
കൃത്യമായി ആസൂത്രണമില്ലാതെ സ്ഥാപിച്ചതും വഴിവിളക്കുകളുടെ പരിപാലനം കരാർ കമ്പനിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്താത്തതും വഴിവിളക്കിന്റെ നാശത്തിന് കാരണമായി.
വിളക്കുകളുടെ സുരക്ഷയ്ക്കും നടപടികളില്ലായിരുന്നു.
പദ്ധതി പൂർണമായും പരാജയപ്പെട്ടതോടെ മുണ്ടക്കയം ടൗൺ ഇപ്പോൾ ഇരുളിന്റെ പിടിയിലാണ്.
മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിന് സമീപം ദേശീയപാതയോരത്ത് സ്ഥാപിച്ചിരുന്ന പ്രവർത്തനരഹിതമായ വഴിവിളക്കിന്റെ തൂണ് കഴിഞ്ഞദിവസം രാത്രിയിൽ വാഹനമിടിച്ച് തകർത്തിരുന്നു. വഴിവിളക്കിന്റെ തകർന്ന തൂണ് സമീപത്തെ ഓട്ടോ സ്റ്റാൻഡിനും നടപ്പാതയോടും ചേർന്ന് കിടക്കുന്നത് കാൽനട യാത്രക്കാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഇനിയും ലക്ഷങ്ങൾ മുടക്കി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾകൂടി ഉണ്ടാകണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |