SignIn
Kerala Kaumudi Online
Monday, 31 August 2026 1.21 AM IST

നേപ്പാളിൽ നിന്ന് കോട്ടയം സംഘം തിരിച്ചെത്തി..... ഇത് ഞങ്ങളുടെ പുനർജന്മം

s

കോട്ടയം : '' ഇത് ഞങ്ങളുടെ പുനർജന്മമാണ്. ജീവിതത്തിൽ ഇങ്ങനെ ഒരു ഓണം മറക്കില്ല '' - നേപ്പാളിലെ പ്രളയ ഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടേയും മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. നെടുമ്പാശേരിയിൽ ഇന്നലെ പുലർച്ച 2.20 ന് എത്തിയ 16 അംഗം സംഘം രാവിലെയാണ് വീട്ടിലെത്തിയത്. '' നേപ്പാളിൽ ഓണം ആഘോഷിക്കാൻ ഒരേ പോലുള്ള വസ്ത്രങ്ങളുമൊക്കെയായാണ് ‌ഞങ്ങൾ പോയത്. പക്ഷേ,​ യാത്ര ഇങ്ങനെയാകുമെന്ന് കരുതിയില്ല. നാലും അഞ്ചും നിലയുള്ള കെട്ടിടങ്ങളും മരങ്ങളും റോഡുകളും പാലങ്ങളുമൊക്കെ വെള്ളത്തിൽ ഒഴുകിപ്പോകുന്നത് ഭീതിയോടെ കണ്ടുനിന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത് '' ജില്ലാ പ്രസിഡന്റ് ബി. വിജയകുമാറിന് ഇപ്പോഴും നടന്നതൊന്നും വിശ്വസിക്കാനാകുന്നില്ല. കോട്ടയത്ത് നിന്ന് 16 പേരും കണ്ണൂർ,​ കാസർകോട് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെടെ 36 പേരായിരുന്നു ഇവരുടെ സംഘത്തിൽ. കാഠ്മണ്ഡുവിലെ സ്വയംഭൂനാഥ് ക്ഷേത്രം സന്ദർശിച്ചതിനെ തുടർന്ന് വൈകിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. ആറുമണിക്കൂറോളം റോഡിൽ കുടുങ്ങിയ ഇവർ വനപാതയിലൂടെ സഞ്ചരിച്ചാണ് പിന്നീട് സുരക്ഷിത സ്ഥലത്തെത്തിയത്. നേപ്പാളിൽ നിന്ന് ഗൊരഖ്പൂർ വരെ റോഡുമാർഗമെത്തിയ സംഘം വിമാനമാർഗം മുംബയിലും പിന്നീട് നെടുമ്പാശേരിയിലുമെത്തി. വിജയകുമാറിനെ കൂടാതെ ലെൻസ്‌ഫെഡ് സംസ്ഥാന സമിതി അംഗങ്ങളായ എ. പ്രദീപ്കുമാർ, കെ. സന്തോഷ്‌കുമാർ, ജില്ലാ ട്രഷറർ ഡി. വിനയകുമാർ, ജോ. സെക്രട്ടറി കെ.എം. സതീഷ്‌കുമാർ, അംഗങ്ങളായ വി. അഭിറാം, രഞ്ജിത പണിക്കർ, രണ്ട് കുട്ടികളുൾപ്പെടെയുള്ള സംഘമാണ് തിരിച്ചെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NEPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL