പരിശോധന
സ്കൂൾ തുറന്ന
പശ്ചാത്തലത്തിൽ
കോഴിക്കോട്: വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തിയതോടെ മഴനനഞ്ഞ റോഡുകളിൽ സുരക്ഷ ഉറപ്പിക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ ബസുകളുടെ അമിത വേഗവും നിയമ ലംഘനങ്ങളും തടയാൻ ജില്ലയിൽ പ്രത്യേക പരിശോധനകൾ തുടങ്ങി. കാലവർഷത്തിൽ റോഡപകടങ്ങൾ കൂടാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് പരിശോധന കടുപ്പിക്കുന്നത്. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും. വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പോകുന്നതും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങളും കണക്കിലെടുത്ത് സ്കൂൾ പരിസരങ്ങളിൽ എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. വരും ദിവസങ്ങളിൽ പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ സംയുക്ത പരിശോധനകളും നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏഴ് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
വാഹന പെർമിറ്റ് റദ്ദാക്കും
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കണ്ടെത്തിയാൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. കുറ്റം ആവർത്തിച്ചാൽ വാഹന പെർമിറ്റ് റദ്ദാക്കും. ബസ് ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധന വേളയിൽ ഇത് ഹാജരാക്കണം. ബസുകളിലെ ക്യാമറ, ജി.പി.എസ്, സ്പീഡ് ഗവർണർ, ടയറുകൾ, ഹോൺ, ഡോറുകൾ എന്നിവ പ്രവർത്തിക്കുന്നില്ലെങ്കിൽ കനത്ത പിഴയും നടപടിയും ഉണ്ടാകും.
പരാതി നൽകാം
ബസുകൾ അമിതവേഗത്തിലോ മറ്റ് നിയമലംഘനങ്ങളോ നടത്തിയാൽ പൊതുജനങ്ങൾക്ക് 9188961011 നമ്പരിൽ ചിത്രങ്ങളോ വീഡിയോകളോ അയക്കാം.
''നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും''രാഗേഷ് നമ്പ്യാർ, എം.വി.ഐ എൻഫോഴ്സ്മെന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |