പടിഞ്ഞാറത്തറ: കുറ്റിച്ചെടികളും കാടും വളർന്നു പന്തലിച്ച അവസ്ഥയിലാണ് ബാണാസുരയിലെ കുട്ടികളുടെ പാർക്ക്. കുട്ടികളുമായി ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഭയാനകമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച പാർക്കാണിത്. ശരിയായ രീതിയിലുള്ള പരിചരണമില്ലാത്തതിനാലാണ് പാർക്ക് നശിച്ചുകൊണ്ടിരിക്കുന്നത്.
വയനാട്ടിൽ കുട്ടികളുടെ പാർക്കുകൾ വളരെ കുറവാണ്. ഉള്ളവ തന്നെ കൃത്യമായ പരിചരണമില്ലാതെ നശിച്ചുപോകുന്നത് കുട്ടികളുടെ വിനോദാവസരങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കാട് മൂടിയതുകാരണം പാർക്കിലെ പല ഉപകരണങ്ങളും തുരുമ്പെടുത്തു നശിക്കുകയാണ്.
പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന ഇടം കൂടിയാണ് ബാണാസുര. ബാണാസുര ഡാമിന്റെ താഴെയുള്ള കുട്ടികളുടെ പാർക്ക് സഞ്ചാരികൾക്കായി വലിയ പ്രതീക്ഷയോടെയാണ് നിർമ്മിച്ചത്. പാർക്കിലെ കുറ്റിക്കാടുകൾ പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. സ്ലൈഡുകളിലും മറ്റും കളിക്കുന്ന കുട്ടികൾ നേരെ വന്നു വീഴുന്നത് കുറ്റിക്കാട്ടിലേക്കാണ്. മഴ പെയ്തതോടെ അടിക്കാടുകൾ തഴച്ചുവളർന്നിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് വലിയ വരുമാനം ലഭിച്ചിട്ടും കുട്ടികളുടെ ഈ പാർക്ക് നവീകരിക്കാൻ പണം നീക്കിവയ്ക്കാത്തത് എന്താണെന്നാണ് സഞ്ചാരികൾ ചോദിക്കുന്നത്.
'കുറ്റിക്കാടുകൾ കൂടി ഇല്ലായിരുന്നെങ്കിൽ എന്നെ പോലുള്ള ഉമ്മമാർക്ക് സമാധാനത്തോടെ കുട്ടികളെ കളിക്കാൻ വിടാമായിരുന്നു. പാമ്പോ, പഴുതാരയോ പോലും ഉണ്ടെങ്കിൽ കാണാൻ കഴിയില്ല. കുട്ടികൾക്കായി ഒരുക്കിയ വിനോദകേന്ദ്രങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കണം.
റമീല മലപ്പുറം
വിനോദസഞ്ചാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |